പ്രതികളെ വെറുതെ വിട്ട ജഡ്ജി രാജിവെച്ചു 

ഹൈദരാബാദ് : മക്കാ മസ്ജിദ് സ്‌ഫോടന കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റ വിമുക്തനാക്കിയ ജഡ്ജി മണിക്കുറുകള്‍ക്കുള്ളില്‍ രാജിവെച്ചു. ഹൈദരാബാദ് എന്‍ഐഎ പ്രത്യേക കോടതിയിലെ ജഡ്ജിയായ രവീന്ദര്‍ റെഡ്ഡിയാണ് രാജി വെച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ തന്റെ രാജിക്കത്ത് ഇദ്ദേഹം ആന്ധ്ര പ്രദേശ് ചീഫ് ജസ്റ്റിസിന് കൈമാറുകയായിരുന്നു.

വ്യക്തിപരമായ കാരണങ്ങളാലാണ് തന്റെ രാജിയെന്നാണ് അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ സ്‌ഫോടന കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പടെ അഞ്ച് പേരെ വെറുതെ വിട്ട വിധി പ്രസ്താവിച്ചതിന് ശേഷം മണിക്കൂറുകള്‍ക്കകമുള്ള രാജി രാജ്യത്തെ മുഴുവന്‍ അമ്പരപ്പിലാഴ്ത്തിയിട്ടുണ്ട്. രാജിക്ക് പിന്നില്‍ ദുരൂഹമായ മറ്റ് കാരണങ്ങള്‍ ഉണ്ടോയെന്ന ചോദ്യങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്.

കേസില്‍ സ്വാമി ആസീമാനന്ദ് ഉള്‍പ്പടെ എട്ട് പ്രതികളാണ് ആകെ ഉണ്ടായിരുന്നത്. ഇതില്‍ സ്വാമി അസീമാനന്ദ, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ്മ, ഭരത് ഭായി, രാജേന്ദ്ര ചൗധരി എന്നിവര്‍ക്കെതിരായുള്ള വിചാരണയാണ് പ്രത്യേക കോടതിയില്‍ തിങ്കളാഴ്ച നടന്നത്. മറ്റ് മൂന്ന് പ്രതികളില്‍ ഒരാള്‍ മരണപ്പെടുകയും രണ്ട് പേര്‍ അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് ഒളിവില്‍ പോവുകയും ചെയ്തിരുന്നു. കോടതിയുടെ വിധി പകര്‍പ്പ് ലഭിച്ചതിന് ശേഷം മറ്റു നടപടികളുമായി മുന്നോട്ട് പോവുമെന്ന് നേരത്തെ എന്‍ഐഎ വ്യക്തമാക്കിയിരുന്നു.


2007 മെയ് 18 നാണ് ഹൈദരാബാദിലെ മക്കാ മസ്ജിദില്‍ സ്ഫോടനം നടന്നത്. വെള്ളിയാഴ്ച ദിവസമായത് കൊണ്ട് തന്നെ പള്ളിയില്‍ നിറയെ വിശ്വാസികളുമുണ്ടായിരുന്നു. സ്ഫോടനത്തില്‍ 9 പേര്‍ മരണപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറി. 2011 ലാണ് സിബിഐയില്‍ നിന്നും കേസ് എന്‍ഐഎ ഏറ്റെടുക്കുന്നത്. കേസില്‍ 226 സാക്ഷികളെ വിസ്തരിച്ചു. 446 ലധികം രേഖകളും എന്‍ഐഎ വിചാരണ വേളയില്‍ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here