പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ മുറിയില്‍ ദേഹപരിശോധന

ബിന്ദ്: മധ്യപ്രദേശിലെ പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് വീണ്ടും വിവാദത്തില്‍. പൊലീസ് റിക്രൂട്ട്‌മെന്റിനെത്തിയ ഉദ്യോഗാര്‍ത്ഥികളുടെ ശരീരത്തില്‍ ജാതി അടയാളപ്പെടുത്തിയതിന് പിന്നാലെ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ റൂമില്‍ പരിശോധന നടത്തിയതാണ് വാര്‍ത്തയായിരിക്കുന്നത്. മധ്യപ്രദേശിലെ ബിന്ദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുളള പരിശോധനയാണ് വിവാദത്തിലായത്.

പുരുഷന്‍മാരും സ്ത്രീകളും ഒരേ റൂമില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സ്ത്രീ ഡോക്ടര്‍മാരില്ലാതെയാണ് വനിതകള്‍ക്ക് പരിശോധന നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും എക്‌സാമിനേഷന്‍ കമ്മിറ്റിയിലുള്ള എല്ലാവര്‍ക്കും നോട്ടീസ് അയച്ചുവെന്നും ബിന്ദ് സിവില്‍ സര്‍ജന്‍ അജിത് മിശ്ര പറഞ്ഞു.

ആശുപത്രിയില്‍ നാല് വനിത ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ നാലുപേരും അവധിയിലായിരുന്നുവെന്നും മെഡിക്കല്‍ ടെസ്റ്റിനായി ഇപ്പോള്‍ ഒരു വനിത ഡോക്ടറേയും നഴ്‌സിനേയും നിയമിച്ചതായും അദ്ദേഹം വ്യക്തമാക്കി. നേരത്തെ പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചില്‍ ജാതി മുദ്ര എഴുതിച്ചേര്‍ത്തത് വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here