മുംബൈ : നേപ്പാളി നടി മീനാക്ഷി ഥാപ്പയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി നാളെ. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ അമിത് ജയ്സ്വാള്‍, പ്രീതി സൂരിന് എന്നിവരാണ് കുറ്റക്കാരെന്ന് മുംബൈ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.
2012 ലായിരുന്നു ക്രൂരമായ കൊലപാതകം. മീനാക്ഷിയില്‍ നിന്നും പണം തട്ടാനുള്ള അമിതിന്റെയും പ്രീതിയുടെയും ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തെക്കുറിച്ച് പ്രോസിക്യൂഷന് വാദം ഇങ്ങനെ.
മധുര് ഭണ്ഡാര്‍ക്കറുടെ ഹീറോയിന് എന്ന ചിത്രത്തില്‍ മീനാക്ഷിക്കൊപ്പം അഭിനയിച്ചവരാണ് അമിതും കാമുകി പ്രീതിയും. ഭോജ്പുരി സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഇരുവരും ചേര്‍ന്ന് മീനാക്ഷിയെ പ്രീതിയുടെ അലഹബാദിലെ വീട്ടിലെത്തിച്ചു.
ഇവിടെ വെച്ച് നടിയോട് 15 ലക്ഷം രൂപയാവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ക്ക് വഴങ്ങാന്‍ മീനാക്ഷി തയ്യാറായില്ല. ഇതോടെ വഴക്കുണ്ടാവുകയും മീനാക്ഷി ഇരുവരെയും ചെറുത്തുനില്ക്കുകയും ചെയ്തു.
പണം കിട്ടില്ലെന്ന് ഉറപ്പായതോടെ ഇരുവരും ചേര്‍ന്ന് മീനാക്ഷിയെ തലയറുത്ത് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം വീടിന്റെ സെപ്റ്റിക് ടാങ്കില്‍ നിക്ഷേപിച്ചു. തുടര്‍ന്ന് തല, മുംബൈലേക്കുള്ള യാത്രക്കിടെ ബസ്സില്‍ നിന്ന് പുറത്തേക്കെറിഞ്ഞു.
ശേഷം മീനാക്ഷിയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് 46,000 രൂപ കവര്‍ന്നു. എന്നാല്‍ 2012 ഏപ്രിലില്‍ വീണ്ടും പണം പിന്‍വലിക്കാന്‍ എത്തിയപ്പോള്‍ ഇരുവരും കുടുങ്ങുകയായിരുന്നു.
പണത്തിന് വേണ്ടിയല്ല, നേരം പോക്കിനാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നായിരുന്നു മീനാക്ഷി എല്ലാവരോടും പറഞ്ഞിരുന്നത്. താന്‍ ധനികയാണെന്നും പറയാറുണ്ടായിരുന്നു. ഇതാണ് നടിയെ പാട്ടിലാക്കി പണം തട്ടാന്‍ യുവ പ്രണയികള്‍ക്ക് പ്രേരണയായത്.