ആയയ്ക്കും കുടുംബത്തിനും അബുദാബിയിലെ തൊഴിലുടമ തകര്‍പ്പന്‍ വീടാണ് സമ്മാനമായി നല്‍കുന്നത്

അബുദാബി : ഫിലിപ്പെയ്ന്‍കാരിയായ ആയയ്ക്ക് അബുദാബിയിലെ തൊഴിലുടമ അവരുടെ നാട്ടില്‍ വീട് സമ്മാനമായി നല്‍കുന്നു. ദിന ടെനെരിഫേ സെലോ എന്ന 45 കാരിയ്ക്കാണ് ഈ ഭാഗ്യം കൈവന്നത്. ആദ്യ ഘട്ടത്തില്‍ സ്ഥലം വാങ്ങാനായി 23,000 ദിര്‍ഹം തൊഴിലുടമയായ മെലീസ മക്പികെ ഇവര്‍ക്ക് കൈമാറി.വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചിലവ് വഹിക്കാമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. മെലീസ അമേരിക്കക്കാരിയായിരുന്നു. തുടര്‍ന്ന് യുഎഇയില്‍ നിന്ന് വിവാഹം കഴിച്ച് എമിറേറ്റ് പൗരത്വം സ്വീകരിച്ച് അബുദാബിയില്‍ താമസമാക്കിയതാണ്.എന്നാല്‍ പിന്നീട് വിവാഹ മോചിതയായി. അതിനിടെയാണ് ദിന കുട്ടികളുടെ ആയയായി ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് 20 വര്‍ഷത്തോളമായി ദിന ഈ കുടുംബത്തോടൊപ്പമുണ്ട്. ഏറെക്കാലം യുഎഇയില്‍ ജോലിയെടുത്തെങ്കിലും തനിക്ക് കാര്യമായ സമ്പാദ്യമൊന്നുമില്ല.എന്നാല്‍ സ്വന്തമായി സ്ഥലവും വീടുമെന്ന സ്വപ്‌നം ഇപ്പോള്‍ പൂവണിയുകയാണെന്ന് ദിന വ്യക്തമാക്കുന്നു. ദിനയ്ക്ക് 21 കാരനായ മകന്‍ മാത്രമേ കൂട്ടിനുള്ളൂ.റയാന്‍ എന്ന അവന്റെ പേരിലാണ് ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഒരു വര്‍ഷത്തെ അവധിക്ക് ജനുവരി 18 ന് ഇവര്‍ നാട്ടിലേക്ക് തിരിക്കും. തൊഴിലുടമയുടെ മകനായ സയ്യിദ് അല്‍ മുഹൈരി അവരെ അനുഗമിക്കും. വീട് നിര്‍മ്മാണത്തില്‍ അവര്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ വേണ്ടിയാണിത്. വീട് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മെലീസയും കുടുംബവും, സന്ദര്‍ശിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ദിന ആഹ്ലാദത്തോടെ പറയുന്നു. തങ്ങള്‍ ഒരു കുടുംബാംഗത്തെ പോലെയാണ് ദിനയെ കണ്ടതെന്ന് മെലീസ വ്യക്തമാക്കുന്നു.തനിക്കും കുട്ടികള്‍ക്കും വേണ്ടി ഏറെ കഷ്ടപ്പാടുകള്‍ ദിന സഹിച്ചിട്ടുണ്ട്. അതിലുള്ള തങ്ങളുടെ പ്രത്യുപകാകരമാണിതെന്നും അവര്‍ അറിയിച്ചു.

യുഎഇ ചിത്രങ്ങളിലൂടെ …

LEAVE A REPLY

Please enter your comment!
Please enter your name here