ഒമാനില്‍ കനത്ത നാശം വിതച്ച് ‘മെകുനു’

സലാല :ഒമാനില്‍ കടുത്ത നാശം വിതച്ച് ‘മെകുനു’ ചുഴലിക്കാറ്റ്. ദക്ഷിണ ഒമാന്‍ പ്രദേശമായ സലാലയിലും യെമന്‍ അതിര്‍ത്തിയിലുമാണ് മെകുനു ശനിയഴ്ച രാത്രി കടുത്ത നാശം വിതച്ചത്. ചുഴലി കൊടുങ്കാറ്റിനൊപ്പം നിര്‍ത്താതെ പെയ്യുന്ന മഴയും രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു.

12 വയസ്സുള്ള ഒരു പെണ്‍കുട്ടിയടക്കം ഇതുവരെ ആറു പേര്‍ മരണപ്പെട്ടതായി ഒമാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 30 ഓളം പേരെ കാണാതായിട്ടുണ്ട്. ഇതില്‍ ഇന്ത്യക്കാരടക്കമുള്ള പ്രവാസികളും ഉള്‍പ്പെടുന്നു.

കൊടുങ്കാറ്റും വെള്ളപ്പൊക്കവും കാരണം സലാല വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. റോഡുകളില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ഗതാഗതവും ദുഷ്‌കരമാണ്. തെരുവു വിളക്കുകള്‍ കാറ്റത്ത് കടപുഴകി വീണ് നിലയിലാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ ബീച്ചുകളില്‍ കടലുകളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ അടിഞ്ഞ് കൂടി കിടക്കുകയാണ്.

ഇന്ത്യന്‍ കാലവസ്ഥ വകുപ്പ് നല്‍കുന്ന വിവരം അനുസരിച്ച് 170 -180 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞു വീശുന്നത്. കാറ്റ് സൗദി അതിര്‍ത്തിയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നതായും കാറ്റിന്റെ വേഗത കുറഞ്ഞതായും കാലാവസ്ഥ നിരീക്ഷകര്‍ വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here