അഭയാര്‍ത്ഥികള്‍ സ്‌കാനിംഗില്‍ കുടുങ്ങി

ഗ്രീസ് :ട്രക്കിലെ ഇന്ധന ടാങ്കിനുള്ളില്‍ കയറി കൂടി അന്യ രാജ്യത്തേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച അഭയാര്‍ത്ഥികള്‍ എക്‌സ് റേ സ്‌കാനിംഗില്‍ കുടുങ്ങി. ഗ്രീസിലെ പാത്ര തുറമുഖത്ത് നിന്നും ഇറ്റലിയിലേക്ക് കടല്‍ മാര്‍ഗ്ഗം നാടു കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയില്‍ കുടുങ്ങിയത്.

ദിവസവും നിരവധി പേരാണ് ഇത്തരത്തില്‍ പാത്ര തുറമുഖത്തിന് സമീപത്ത് വെച്ച് പൊലീസിന്റെ പിടിയിലാകുന്നത്. അഫ്ഗാനിസ്ഥാന്‍,പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇത്തരത്തില്‍ വലയിലാകുന്നത്.

ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മാത്രമായി ഇത്തരത്തില്‍ പിടികൂടിയവരുടെയെണ്ണം 760 കഴിഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. ഇവരെ ജയിലില്‍ നിന്ന് വിട്ടയച്ചാലും വീണ്ടും അതിര്‍ത്തി കടക്കാനുള്ള ശ്രമം തുടരും.

കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 2,627 പേരെ പിടികൂടിയതായി ഗ്രീക്ക് പൊലീസ് അറിയിച്ചു. തുറമുഖത്തേക്ക് കടക്കാനായി നിര്‍ത്തിയിട്ടിരിക്കുന്ന ട്രക്കുകളിലേക്ക് ഇവര്‍ ഒളിച്ച് കയറി കൂടാറാണ് പതിവ്. എന്നാല്‍ തുറമുഖ വാതിലിലെ എക്‌സറേ പരിശോധനകളില്‍ ഇവര്‍ കുടുങ്ങും.

തുറമുഖത്തിന് സമീപങ്ങളിലെ ഉപയോഗ ശൂന്യമായ ഫാക്ടറികളില്‍ വളരെ ദുരിതം നിറഞ്ഞ അവസ്ഥയിലാണ് ഇവരുടെ ജീവിതം. വീണ്ടും വീണ്ടും പിടിക്കപ്പെടുമ്പോഴും എപ്പോഴെങ്കിലും യുറോപ്യന്‍ രാജ്യങ്ങളില്‍ എത്താമെന്ന പ്രതീക്ഷയോടെ ഇവര്‍ കപ്പലില്‍ കയറാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here