പശുക്കളെ വാങ്ങി കറവ തുടങ്ങൂ: മുഖ്യമന്ത്രി

അഗര്‍ത്തല: സർക്കാർ ജോലിക്ക് വേണ്ടി പരക്കം പായുന്ന ത്രിപുരയിലെ യുവാക്കൾക്ക് ഉപദേശവുമായി മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ്. സർക്കാർ ജോലിക്ക് വേണ്ടിയുള്ള പാച്ചിൽ യുവാക്കൾ അവസാനിപ്പിക്കണമെന്നാണ് ബിപ്ലവിന്‍റെ അഭിപ്രായം. ആ സമയംകൊണ്ട് പശുവിനെ കറന്ന് ലക്ഷങ്ങൾ സമ്പാദിക്കാനും അദ്ദേഹം നിർദേശിക്കുന്നു.

‘ബിരുദധാരികളെല്ലാം ഇപ്പോള്‍ തന്നെ പശുവിനെ വാങ്ങുകയാണെങ്കില്‍ പത്തു വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷം രൂപ സമ്പാദിക്കാം. അങ്ങനെ യുവാക്കളെല്ലാം സ്വയം പര്യാപ്തരാവണം’ ബിപ്ലവ് പറഞ്ഞു. തുടര്‍ന്ന്, മൂന്ന് വര്‍ഷത്തിനുള്ളില്‍ ത്രിപുര വികസനത്തില്‍ പശ്ചിമ ബംഗാളിനെ കടത്തിവെട്ടുമെന്ന് പറഞ്ഞ് ബിപ്ലവ് മമതാ ബാനര്‍ജിയെ വെല്ലുവിളിക്കുകയും ചെയ്തു.

സിവില്‍ സര്‍വ്വീസ് എടുക്കേണ്ടത് സിവില്‍ എന്‍ജിനീയര്‍മാരാണെന്നും അല്ലാതെ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരല്ലെന്നുമുള്ള യുക്തി രഹിതമായ പ്രസ്താവന നടത്തിതിന് തൊട്ടുപിന്നാലെയാണ് ബിപ്ലവ് കുമാറിന്റെ പുതിയ പരാമര്‍ശം. നേരത്തെ മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്ന പ്രസ്താവന നടത്തിയാണ് ബിപ്ലവ് കുമാര്‍ മണ്ടത്തരങ്ങള്‍ക്ക് തുടക്കമിട്ടത്.

ആയിരക്കണക്കിന് വര്‍ഷം മുമ്പ് രാജ്യത്ത് ഇപ്പോഴുള്ള സാങ്കേതിക വിദ്യകള്‍ നിലവിലുണ്ടായിരുന്നതായും അവ ഇപ്പോള്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ഉപയോഗിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. മുന്‍ ലോക സുന്ദരി ഡയാനയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിന് മാപ്പ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here