കാണാതായ 22 കാരി ഗര്‍ഭിണിയല്ല

കൊല്ലം : തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ യുവതി ഗര്‍ഭിണിയല്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. 22 കാരി ഗര്‍ഭിണിയായി അഭിനയിക്കുകയായിരുന്നു. കരുനാഗപ്പള്ളിയില്‍ നടത്തിയ വൈദ്യ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. എന്തിനാണ് യുവതി ഗര്‍ഭിണിയായി അഭിനയിച്ചതെന്ന് വ്യക്തമല്ല.

കുടുംബത്തെ ഉപേക്ഷിച്ചുപോയത് എന്തിനാണെന്ന കാര്യത്തിലും വ്യക്തത കൈവന്നിട്ടില്ല. അന്വേഷണസംഘം ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടിവരികയാണ്. 3 ദിവസമായി കാണാതായ യുവതിയെ ഇന്ന് കരുനാഗപ്പളളിയിലാണ് കണ്ടെത്തിയത്. പ്രദേശത്തെ ടാക്‌സി ഡ്രൈവര്‍മാരാണ് 22 കാരിയെ തിരിച്ചറിഞ്ഞത്. അവശ നിലയില്‍ തനിച്ച് അലയുന്ന 22 കാരിയെ തിരിച്ചറിഞ്ഞ ഡ്രൈവര്‍മാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

യുവതിയെ കണ്ടെത്താന്‍ തമിഴ്‌നാട്ടിലേക്കടക്കം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതിനിടെയായിരുന്നു ഇത്. കിളിമാനൂര്‍ സ്വദേശിനിയെ ചൊവ്വാഴ്ചയാണ് കാണാതാകുന്നത്. രാവിലെ 10.30 ന് ഭര്‍ത്താവ് അന്‍ഷാദിനും ബന്ധുക്കള്‍ക്കുമൊപ്പം യുവതി തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ എത്തി. പരിശോധനയ്ക്കായി യുവതിയെ മാത്രമാണ് അകത്തേക്ക് കടത്തിവിട്ടിരുന്നുള്ളൂ. ഒപിയില്‍ നിന്ന് ഒരു മണിക്കൂറിന് ശേഷം ഇവര്‍ പുറത്തുവന്നു.

തുടര്‍ന്ന് ഡോക്ടറെ കണ്ടുവരാമെന്ന് പറഞ്ഞ് ആശുപത്രിക്കുള്ളിലേക്ക് പോയി. ഒന്നരമണിക്കൂറായിട്ടും തിരികെ വരാതിരുന്നതോടെയാണ് ബന്ധുക്കള്‍ സുരക്ഷാ ജീവനക്കാരോട് അന്വേഷിച്ചത്. എന്നാല്‍ പരിശോധനാ മുറിയില്‍ ഇവരുണ്ടായിരുന്നില്ല. തുടര്‍ന്ന് ആശുപത്രിയാകെ പരിശോധിച്ചിട്ടും യുവതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണത്തില്‍ 22 കാരി ആദ്യം കോട്ടയത്തും പിന്നീട് എറണാകുളത്തും എത്തിയതായി കണ്ടു.

പിന്നീട് മൊബൈല്‍ ഓഫാകുകയും ചെയ്തു. എന്നാല്‍ വൈകീട്ട് 5.15 ന് യുവതിയുടെ ഫോണില്‍ നിന്ന് ഭര്‍ത്താവിന്റെ മൊബൈലിലേക്ക് വിളി വന്നിരുന്നു.അന്‍ഷാദ് കോള്‍ അറ്റന്‍ഡ് ചെയ്തെങ്കിലും മറുപടിയുണ്ടായില്ല. നിമിഷങ്ങള്‍ക്കകം കട്ടായി. എന്നാല്‍ 5.30 ഓടെ ബന്ധുവായ സ്ത്രീയുടെ മൊബൈലിലേക്ക് വിളിയെത്തി. ഞാന്‍ സെയ്ഫാണ്. പേടിക്കണ്ട എന്നുമാത്രം പറഞ്ഞ് കോള്‍ അവസാനിപ്പിച്ചു.

തുടര്‍ന്ന് ഫോണ്‍ ഓഫായി.എന്നാല്‍ ബുധനാഴ്ച വൈകീട്ട് ആറിന് ഫോണ്‍ ഓണായി.ബന്ധുക്കളും പൊലീസുമെല്ലാം വിളിച്ചെങ്കിലും അറ്റന്‍ഡ് ചെയ്തില്ല. പരിധിക്ക് പുറത്താണെന്ന് തമിഴിലാണ് സന്ദേശം വന്നത്. ഇതോടെയാണ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് ചെന്നൈ വെല്ലൂരില്‍ യുവതി എത്തിയതായി സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് അന്വേഷണസംഘം വെല്ലൂരിലെത്തിയിരുന്നു.

അതിനിടെ ഇന്ന് രാവിലെ യുവതിയെ ചെങ്ങന്നൂരിലെ ടവര്‍ ലൊക്കേഷനിലും കണ്ടെത്തി. പിന്നാലെയാണ് യുവതി കരുനാഗപ്പള്ളിയിലെത്തുന്നതും ഡ്രൈവര്‍മാര്‍ തിരിച്ചറിഞ്ഞ് പൊലീസിനെ അറിയിക്കുന്നതും. യുവതി തിരുവനന്തപുരത്തുനിന്ന് ചെന്നൈ മെയിലിലാണ് എറണാകുളത്ത് എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുവതിയെ ട്രെയിനില്‍ കണ്ടതായി ടിടിആര്‍ മൊഴി നല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here