66കാരനെ കണ്ടെത്താന്‍ സഹായിച്ചത് യൂട്യൂബ്

മുംബൈ: തെരുവോരങ്ങളില്‍ ബോളിവുഡ് സിനിമകളിലെ പാട്ടുകള്‍ പാടി നടക്കുന്ന 66കാരനെ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ ഫോട്ടോഗ്രാഫറായ ഫിറോസ് ഷക്കീര്‍ കരുതിക്കാണില്ല ഈ വൃദ്ധന് നഷ്ടപ്പെട്ട ജീവിതം തിരികെ കിട്ടാന്‍ പോവുകയാണെന്ന്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മണിപ്പൂരിലെ വീട്ടില്‍നിന്ന് കാണാതായ കൊംദാന്‍ ഗംഭീര്‍
സിംഗ് ആയിരുന്നു ആ വൃദ്ധന്‍.

ഫിറോസ് പകര്‍ത്തിയ വീഡിയോ യൂടൂബില്‍ അപ്ലോഡ് ചെയ്തു. വീഡിയോ വൈറലായി. കൊംദാന്റെ കുടുംബവും ഈ വീഡിയോ കാണുകയും അദ്ദേഹത്തെ തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കള്‍ ഇംഫാല്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു.

അവര്‍ മുംബൈ പൊലീസില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി. മുംബൈ പൊലീസ് സിംഗിനെ ബാദ്ര റെയില്‍വെ സ്റ്റേഷനില്‍വച്ച് കണ്ടെത്തുകയും സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ മുംബൈയിലെത്തി. കൊംദാന്‍ നാട് വിട്ടതിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്.

എന്നാല്‍ സഹോദരനുമായി വഴക്കിട്ട് വീട് വിട്ട് പോവുകയായിരുന്നുവെന്ന് കൊംദാന്‍ തന്നോട് പറഞ്ഞിരുന്നതായി ഫിറോസ് വ്യക്തമാക്കി. ഇംഫാലിലെ ഖുംപോങ് വില്ലേജില്‍ നിന്നുള്ള ആളുകള്‍ അദ്ദേഹത്തിന് വന്‍ സ്വീകരണമാണ് വിമാനത്താവളത്തില്‍ സജ്ജമാക്കിയിരുന്നത്. ഇദ്ദേഹത്തിന്റെ വീഡിയോ എടുത്ത ഫിറോസിന് അവര്‍ നന്ദിയും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here