ഷംനയെ കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തി

കൊല്ലം : നിറ വയറുമായി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ ഷംനയെന്ന 21 കാരിയെ കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തി. പ്രദേശത്തെ ടാക്‌സി ഡ്രൈവര്‍മാരാണ് ഷംനയെ തിരിച്ചറിഞ്ഞത്. അവശ നിലയില്‍ അലയുന്ന ഷംനയെ തിരിച്ചറിഞ്ഞ ഡ്രൈവര്‍മാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കണ്ടെത്തുമ്പോള്‍ ഇവര്‍ തനിച്ചായിരുന്നു.

ഷംനയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഷംനയ്ക്കുവേണ്ടി
തമിഴ്‌നാട്ടിലേക്കടക്കം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് പേഴുവിള വീട്ടില്‍ ഷംനയെയാണ്  കാണാതായത്. ചൊവ്വാഴ്ചയാണ്, പരിശോധനയ്ക്കെത്തിയ യുവതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതാവുന്നത്. രാവിലെ 10.30 ന് ഭര്‍ത്താവ് അന്‍ഷാദിനും ബന്ധുക്കള്‍ക്കുമൊപ്പമാണ് ഷംന ആശുപത്രിയിലെത്തിയത്.

പരിശോധനയ്ക്കായി യുവതിയെ മാത്രമാണ് അകത്തേക്ക് കടത്തിവിട്ടിരുന്നുള്ളൂ. ഒപിയില്‍ നിന്ന് ഒരു മണിക്കൂറിന് ശേഷം യുവതി പുറത്തുവന്നു. തുടര്‍ന്ന് ഡോക്ടറെ കണ്ടുവരാമെന്ന് പറഞ്ഞ് ആശുപത്രിക്കുള്ളിലേക്ക് പോയി. ഒന്നരമണിക്കൂറായിട്ടും തിരികെ വരാതിരുന്നതോടെയാണ് ബന്ധുക്കള്‍ സുരക്ഷാ ജീവനക്കാരോട് അന്വേഷിച്ചത്. എന്നാല്‍ പരിശോധനാ മുറിയില്‍ ഷംനയുണ്ടായിരുന്നില്ല.

തുടര്‍ന്ന് ആശുപത്രിയാകെ പരിശോധിച്ചിട്ടും യുവതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണത്തില്‍ യുവതി ആദ്യം കോട്ടയത്തും പിന്നീട് എറണാകുളത്തും എത്തിയതായി കണ്ടു. പിന്നീട് മൊബൈല്‍ ഓഫാകുകയും ചെയ്തു. എന്നാല്‍ വൈകീട്ട് 5.15 ന് ഷംനയുടെ ഫോണില്‍ നിന്ന് ഭര്‍ത്താവിന്റെ മൊബൈലിലേക്ക് വിളി വന്നിരുന്നു.

അന്‍ഷാദ് കോള്‍ അറ്റന്‍ഡ് ചെയ്തെങ്കിലും മറുപടിയുണ്ടായില്ല. നിമിഷങ്ങള്‍ക്കകം കട്ടായി. എന്നാല്‍ 5.30 ഓടെ ബന്ധുവായ സ്ത്രീയുടെ മൊബൈലിലേക്ക് വിളിയെത്തി. ഞാന്‍ സെയ്ഫാണ്. പേടിക്കണ്ട എന്നുമാത്രം പറഞ്ഞ് കോള്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് ഫോണ്‍ ഓഫായി.എന്നാല്‍ ബുധനാഴ്ച വൈകീട്ട് ആറിന് ഫോണ്‍ ഓണായി. ബന്ധുക്കളും പൊലീസുമെല്ലാം വിളിച്ചെങ്കിലും അറ്റന്‍ഡ് ചെയ്തില്ല.

പിന്നീട് പരിധിക്ക് പുറത്താണെന്ന് തമിഴിലാണ് സന്ദേശം വന്നത്. ഇതോടെയാണ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് ചെന്നൈ വെല്ലൂരില്‍ യുവതി എത്തിയതായി സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് അന്വേഷണസംഘം വെല്ലൂരിലെത്തിയിരുന്നു. യുവതി തിരുവനന്തപുരത്തുനിന്ന് ചെന്നൈ മെയിലിലാണ് എറണാകുളത്ത് എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഷംനയെ ട്രെയിനില്‍ കണ്ടതായി ടിടിആര്‍ മൊഴി നല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here