എംഎല്‍എയുടെ മകന്‍ കീഴടങ്ങി

ബംഗളൂരു : യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ എംഎല്‍എയുടെ മകന്‍  പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കര്‍ണാടകയിലെ എംഎല്‍എ എന്‍എ ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാടാണ് കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ബംഗളൂരു യു.ബി സിറ്റിയിലെ റസ്റ്റോറന്റില്‍ വച്ച് മുഹമ്മദ് നാലപ്പാടും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ധിച്ചത്. സംഭവത്തില്‍ മുഹമ്മദിനും സംഘത്തിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഇതേ തുടര്‍ന്ന് മുഹമ്മദിനെ 6 വര്‍ഷത്തേക്ക് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ഡോളാര്‍ കോളനി നിവാസി വിദ്വത് എന്ന യുവാവിനാണ് മുഹമ്മദില്‍ നിന്നും സംഘത്തില്‍ നിന്നും ഗുരുതര മര്‍ദ്ദനമേറ്റത്.

റസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു വിദ്വത്. പതിനൊന്നരയോടെ മുഹമ്മദും സംഘവും ഹോട്ടലില്‍ പ്രവേശിച്ചു. നേരത്തേയൊരു അപകടം പറ്റിയതിനാല്‍ വിദ്വതിന്റെ കാലില്‍ പ്ലാസ്റ്ററുണ്ടായിരുന്നു.

ഇതുമൂലം ഇയാള്‍ക്ക് കസേരയില്‍ നേരെയിരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇയാളോട് കസേര നേരെയിടാന്‍ മുഹമ്മദും കൂട്ടാളികളും ആവശ്യപ്പെട്ടു. എന്നാല്‍ അങ്ങനെയിരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് വിദ്വത് വ്യക്തമാക്കി.

ഇതോടെ വാക്കേറ്റമുണ്ടാവുകയും മുഹമ്മദും കൂട്ടാളികളും യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാളെ മല്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അക്രമികള്‍ ഇയാളെ പിന്‍തുടര്‍ന്ന് അവിടെയെത്തിയും മര്‍ദ്ദിച്ചു.

വിദ്വതിന്റെ സഹോദരനും മര്‍ദ്ദനമേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ എന്‍ എ ഹാരിസ് എംഎല്‍എ ആശുപത്രിയില്‍ വിദ്വതിനെ സന്ദര്‍ശിച്ചിരുന്നു. അതേസമയം കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണെന്ന് ആരോപിച്ച് ബിജെപിയും ജെഡിഎസും രംഗത്തെത്തിയിരുന്നു.

എന്നാല്‍ കുറ്റക്കാര്‍ ആരാണെങ്കിലും കര്‍ശനമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. നിയമാനുസൃതമായ നടപടികള്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here