തൊഴിലാളികള്‍ക്ക് ആത്മവിശ്വാസമേകാന്‍ ശ്മശാനത്തില്‍ ഉറങ്ങി എംഎല്‍എ

ഹൈദരാബാദ്: പ്രേതങ്ങളുടെ പേടി മൂലം പതിറ്റാണ്ടുകളായി നവീകരണ പ്രവൃത്തികള്‍ മുടങ്ങിയ ശ്മശാനത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങാന്‍ ശ്മശാനത്തില്‍ ഉറങ്ങി തെലുങ്കുദേശം പാര്‍ട്ടി എംഎല്‍എ.

വെസ്റ്റ് ഗോദാവരിയിലെ പാലക്കോള്‍ മണ്ഡലത്തില്‍ നിന്നുള്ള ടിഡിപി എംഎല്‍എ നിമ്മാല രാമ നായിഡുവാണ് കൊതുകുകടിയെയും ശ്മശാനത്തിനടുത്തുള്ള മാലിന്യ കൂമ്പാരത്തിന്റെയും ദുര്‍ഗന്ധം സഹിച്ച് രാത്രി ശ്മശാനത്തില്‍ മടക്കുന്ന കട്ടിലില്‍ കിടന്നുറങ്ങി നേരം വെളുപ്പിച്ചത്.

രാവിലെ എഴുന്നേറ്റ് വീട്ടില്‍ പോയ എംഎല്‍എ ഉച്ചക്ക് വീണ്ടും ശ്മശാനത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാനെത്തി. രണ്ടുമൂന്ന് രാത്രി കൂടി ശ്മശാനത്തില്‍ രാത്രി കഴിച്ചുകൂട്ടുമെന്നും ഇതിലൂടെ നിര്‍മ്മാണത്തിനായി ശ്മശാനത്തില്‍ പ്രവേശിക്കാന്‍ ഭയപ്പെടുന്ന തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം പകരുമെന്നും എംഎല്‍എ പറയുന്നു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ശ്മശാന നവീകരണം നടക്കവേ തൊഴിലാളികള്‍ പാതി വെന്ത ശരീരം കണ്ട് ഭയചകിതരായെന്നും അവര്‍ ജോലി തുടരാന്‍ പിന്നീട് മടിച്ചതായും അതുകൊണ്ടാണ് താന്‍ ആത്മവിശ്വാസം നല്‍കുന്നതിനായി ശ്മശാനത്തില്‍ ഉറങ്ങാന്‍ തീരുമാനിച്ചതെന്നും നിമ്മാലു രാമ നായിഡു കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here