നിയമസഭയില്‍ പ്രേതമെന്ന് എംഎല്‍എമാര്‍

ജയ്പൂര്‍ :നിയമസഭയില്‍ പ്രേതബാധയുണ്ടെന്ന് ആരോപിച്ച് അസംബ്ലി കെട്ടിടത്തില്‍ യാഗം നടത്താന്‍ ആവശ്യപ്പെട്ട് എംഎല്‍എമാര്‍ രംഗത്ത്. രാജസ്ഥാന്‍ നിയമസഭയിലാണ് മുഖ്യമന്ത്രി വസുന്ധരാ രാജെയോട് എംഎല്‍എമാരുടെ ഈ വിചിത്രമായ അവശ്യം.

ബിജെപി എംഎല്‍എമാരായ ഹബീബുര്‍ റഹ്മാനും കലുലാല്‍ ഗുര്‍ജാറുമാണ് ഈ അവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ രണ്ട് സിറ്റിംഗ് എംഎല്‍എമാര്‍ മരണമടഞ്ഞതാണ് കെട്ടിടത്തിന് പ്രേതബാധയുണ്ടോയെന്ന സംശയത്തിലേക്ക് ഇവരെ നയിച്ചത്.കീര്‍ത്തി കുമാരി, കല്ല്യാണ്‍ സിങ് എന്നീ രണ്ട് എംഎല്‍എമാരാണ് അടുത്തിടെ മരണമടഞ്ഞത്. നിയമസഭ ഇപ്പോള്‍ നിലനില്‍ക്കുന്ന സ്ഥലത്ത് പണ്ട് ഒരു ശ്മശാനമായിരുന്നെന്ന് എംഎല്‍എമാര്‍ ആരോപിക്കുന്നു.

അതുകൊണ്ട് തന്നെ യാഗം നടത്തി പ്രേതബാധ ഒഴിപ്പിക്കണമെന്നാണ് ഈ എംഎല്‍എമാരുടെ ആവശ്യം.

അതേ സമയം ഇവരുടെ വാദഗതികളെ തള്ളി പ്രതിപക്ഷം രംഗത്തെത്തി. ഈ വാദങ്ങള്‍ ശുദ്ധഅസംബന്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് ധീരജ് ഗുര്‍ജര്‍ പറഞ്ഞു.

ജയ്പൂരിലെ ജ്യോതി നഗറില്‍ 16.96 ഏക്കര്‍ വ്യാപിച്ച് കിടക്കുന്നതാണ് രാജസ്ഥാന്‍ അസംബ്ലി മന്ദിരം. ഇതിന് സമീപത്തായാണ് വളരെ പുരാതനവും പ്രശസ്തവുമായ ലാല്‍കോതി ശ്മശാനം സ്ഥിതി ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here