‘അക്രമികള്‍ക്ക് ഉദ്യോഗസ്ഥരുടെ ഒത്താശ’

അഗളി : മധുവിനെ തേടി കാട്ടിലെത്തിയവര്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്ന് സഹോദരി ചന്ദ്രിക. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വനത്തിലേക്ക് പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഇതിനാലാണ് അക്രമികള്‍ക്ക് വനത്തില്‍ കടക്കാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സഹായം ചെയ്തത്.

പ്രദേശവാസികളെ പോലും ഐഡി കാര്‍ഡ് കാണിച്ചാണ് വനത്തില്‍ പ്രവേശിപ്പിക്കാറ്. എന്നാല്‍ ഇത്രയും പേര്‍ ഒന്നിച്ച് വന്നപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുകയായിരുന്നു. ഫോറസ്റ്റ് ഓഫീസിലെ ഒരു ഡ്രൈവര്‍ ആളുകളെ ഫോണില്‍ വിളിച്ച് വരുത്തി. അമ്പതോളം ആളുകളാണ് ഇവിടേക്ക് എത്തിയത്.

മധു ഗുഹയില്‍ ഭക്ഷണം പാചകം ചെയ്യുമ്പോഴാണ് ഇവര്‍ വന്നത്. അപ്പോഴാണ് അവനെ പിടിച്ചുകൊണ്ടുപോയത്. ഉടുമുണ്ട് ഊരി അവര്‍ കൈ കെട്ടി. വെള്ളം ചോദിച്ചപ്പോള്‍ രണ്ട് തുള്ളിയാണ് നല്‍കിയത്. നാവ് നീട്ടുമ്പോള്‍ അവര്‍ കുപ്പി മാറ്റും.

കുടിക്കാന്‍ കൊടുക്കാതെ അവന്റെ മുന്നില്‍വെച്ച് അക്രമികള്‍ വെള്ളം മണ്ണിലേക്ക് ഒഴിക്കുകയാണ് ചെയ്തത്. വലിച്ചിഴച്ചാണ് അവര്‍ മധുവിനെ വനത്തില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയത്. നാല് കിലോമീറ്ററോളം ദൂരം തലയില്‍ ഭാരമുള്ള വസ്തുക്കളുള്ള ചാക്ക് കെട്ടി നടത്തിക്കുകയായിരുന്നു.

അവശനായ മധുവിനെ ഫോറസ്റ്റ് ജീപ്പില്‍ കയറ്റാന്‍ പോലും തയ്യാറായില്ല. മധുവിനെ നടത്തിക്കൊണ്ടുപോകുമ്പോള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ജീപ്പില്‍ അനുഗമിക്കുകയാണ് ചെയ്തതെന്നും ചന്ദ്രിക വെളിപ്പെടുത്തി.എന്നാല്‍ മധുവിനെ മുന്‍പ് കണ്ടിട്ടേയില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here