പെട്രോളിയം രംഗത്ത് വന്‍ പദ്ധതി

അബുദാബി :പാലസ്തീന്‍ സന്ദര്‍ശനത്തിന് ശേഷം ശനിയാഴ്ച വൈകുന്നേരമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തിയത്. അബുദാബി ഭരണാധികാരി ഹിസ് ഹൈനസ് ഷൈക്ക് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍, വിമാനത്താവളത്തില്‍ നരേന്ദ്ര മോദിയെ സ്വീകരിക്കാനായെത്തി. തുടര്‍ന്ന് അബുദാബി ഭരണകൂടത്തിന്റെ ഔദ്യോഗിക വരവേല്‍പ്പും ഏറ്റുവാങ്ങിയ മോദി, കൊട്ടാരത്തില്‍ രാത്രി ഏര്‍പ്പെടുത്തിയ അത്താഴ വിരുന്നിലും പങ്കെടുത്തു.

പ്രധാനമന്ത്രിയായതിന് ശേഷം രണ്ടാം തവണയാണ് മോദി യുഎഇ സന്ദര്‍ശിക്കുന്നത്. പ്രതിരോധം, സാമ്പത്തികം, നിക്ഷേപം, അന്തരീക്ഷ പഠനം, നൈപുണ്യ വികസനം എന്നീ മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പ് വരുത്തുന്ന പദ്ധതികളില്‍ മോദി അറബ് രാജ്യങ്ങളുമായി കരാറിലൊപ്പിടും.

ഊര്‍ജ്ജ മേഖല, റെയില്‍വേ, മാനവ വിഭവ ശേഷി വികസനം, സാമ്പത്തിക സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന അഞ്ച് കരാറുകളിലാണ് പ്രധാനമായും ശനിയാഴ്ച ഇരു രാജ്യ തലവന്‍മാരും ഒപ്പു വെച്ചത്.

എണ്ണ ഖനനത്തിനായി അഡ്‌നോക്കുമായി(അബുദാബി നാഷണല്‍ ഓയില്‍ കമ്പനി)ചേര്‍ന്ന് ഇന്ത്യ പദ്ധതികള്‍ രൂപപ്പെടുത്തും. ഇതിലൂടെ മംഗളൂരുവില്‍ ഇന്ത്യയുടെ ആദ്യത്തെ പെട്രോളിയം റിസര്‍വ് തുറക്കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.6 മില്ല്യണ്‍ ബാരല്‍ എണ്ണ അഡ്‌നോക്ക് മംഗളൂരുവിലെ ഈ റിസര്‍വില്‍ നിക്ഷേപിക്കും. 40 വര്‍ഷത്തേക്കാണ് ഇതിലെ കരാര്‍ ഉടമ്പടികള്‍.

അബുദാബിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കും, ഇതിനായി എല്ലാ പ്രവാസികളെയും ഒരു ഇ-പ്ലാറ്റ്‌ഫോമിനുള്ളില്‍ ഉള്‍പ്പെടുത്തും. ഇതിലൂടെ ഈ മേഖലയില്‍ നടക്കുന്ന അഴിമതികളും മനുഷ്യ കച്ചവടങ്ങളും ഒഴിവാക്കാനാകും. കൂടാതെ പ്രവാസികള്‍ക്ക് വിദ്യാഭ്യാസത്തിനും ബോധവല്‍ക്കരണത്തിനും വേണ്ട സൗകര്യങ്ങള്‍ ഉറപ്പ് വരുത്തും.

റെയില്‍വേ മേഖലയില്‍ സഹകരണം ഉറപ്പ് വരുത്തുന്നതിനുള്ള കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ തമ്മില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിലും കരാര്‍ ഒപ്പു വയ്ക്കപ്പെട്ടു.

കൂടാതെ അബുദാബി ഗവണ്‍മെന്റിന്റെ സഹകരണത്തോടെ ജമ്മു-കാശ്മീരില്‍ ഒരു മള്‍ട്ടി-മോഡല്‍ ലോജിസ്റ്റിക് പാര്‍ക്ക് ഹബ്, ആത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഒരു വെയര്‍ ഹൗസ് എന്നിവ തുടങ്ങാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഇപ്രാവശ്യത്തെ അറബ് സന്ദര്‍ശന വേളയില്‍ മൊത്തം 14 കരാറുകളില്‍ ഒപ്പു വെക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here