സൗദിയുടെ സമഗ്രമാറ്റത്തിന് എംബിഎസ്‌

റിയാദ് : കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സൗദി സമഗ്ര മാറ്റത്തിന്റെ പാതയിലാണ്. പുതിയൊരു സൗദിയെ വാര്‍ത്തെടുക്കാനുള്ള തന്റെ പദ്ധതികളെക്കുറിച്ച് അദ്ദേഹം ഇക്കഴിഞ്ഞയിടെ ടൈം മാഗസിനോട് മനസ്സുതുറന്നു. അദ്ദേഹം പറയുന്നതിങ്ങനെ.

സൗദി അറേബ്യ ലോകത്തെ ഇരുപത് സാമ്പത്തിക ശക്തികളില്‍ ഒന്നാണ്. എന്നാല്‍ ഇത്ര ശക്തമായ സമ്പദ് വ്യവസ്ഥയുള്ളപ്പോഴും രാജ്യത്തിന് കൈവകരിക്കാനാകാതെ പോയ നിരവധി കാര്യങ്ങളുണ്ട്.

മുന്‍പ് കൈവിട്ടുപോയ കാര്യങ്ങള്‍ സൗദി ജനതയ്ക്കുവേണ്ടി സാക്ഷാത്കരിക്കാനാണ് താനും തന്റെ തലമുറയും ലക്ഷ്യമിടുന്നത്. രാജ്യം ഇതുവരെ അതിന്റെ 10 ശതമാനം സാധ്യതകളേ പ്രയോജനപ്പെടുത്തിയിട്ടുള്ളൂ.

90 ശതമാനം കര്‍മ്മശേഷി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അമേരിക്കയുടെ ഐടി ഹബ്ബായ സിലിക്കണ്‍ വാലിക്ക് സമാനമായ പദ്ധതി സാക്ഷാത്കരിച്ച് നേട്ടമുണ്ടാക്കാനല്ല സൗദിയുടെ ലക്ഷ്യം.

സൗദിയില്‍ സിലിക്കണ്‍വാലി സാക്ഷാത്കരിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. സൗദിയുടെ സമ്പത്തും ശക്തിയും എണ്ണയും പെട്രോകെമിക്കലുകളും വാതകങ്ങളുമെല്ലാമാണ്.

ചെങ്കടലില്‍ തങ്ങള്‍ക്ക് നിരവധി വാതകശേഖരണ മേഖലകളുണ്ട്. ഇത്തരത്തിലുള്ള പരമ്പരാഗത സമ്പത്ത് പ്രയോജനപ്പെടുത്തി രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

പുതിയ കെട്ടിട സമുച്ചയങ്ങളുള്‍പ്പെടെ നിര്‍മ്മിക്കും. നിലവില്‍ പ്രതിവര്‍ഷം 230 ബില്യണ്‍ യുഎസ് ഡോളര്‍ സൗദി രാജ്യത്തിന് പുറത്ത് വിവിധ കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്.

2030 ആകുമ്പോഴേക്കും ഇത് 300 ബില്യണ്‍ ഡോളറിനും 400 ബില്യണ്‍ ഡോളറിനും ഇടയിലാകും. എന്നാല്‍ ഇതിന്റെ പകുതി തുകയെങ്കിലും രാജ്യത്ത് ചെലവഴിക്കാനുള്ള പദ്ധതികളാണ് ഭരണകൂടം ആസൂത്രണം ചെയ്യുന്നത്.

സ്വകാര്യവല്‍ക്കരണത്തിന് തങ്ങള്‍ ഊന്നല്‍ നല്‍കും. രാജ്യത്തിന്റെ പൊതുനിക്ഷേപ ഫണ്ട് നിലവില്‍ സര്‍വ്വകാല റെക്കോര്‍ഡിലാണ്. രണ്ട് വര്‍ഷം മുന്‍പ് 150 ബില്യണ്‍ ഡോളറായിരുന്നു.

വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഈ നിക്ഷേപം 2018 അവസാനമാകുന്നതോടെ 400 ബില്യണ്‍ ഡോളറായി മാറും. 2010 ല്‍ ഇത് 600-700 ബില്യണ്‍ഡോളറിന് ഇടയിലായിരിക്കും.

2030 ല്‍ ഇത് 2 ട്രില്യണ്‍ ഡോളറാകും. ഈ പൊതുനിക്ഷേപ ഫണ്ടിന്റെ പകുതി തുക സൗദിയുടെ വികസന പദ്ധതികള്‍ക്കായാണ് വിനിയോഗിക്കുക. ശേഷിക്കുന്ന 50 ശതമാനം വിദേശങ്ങളില്‍ നിക്ഷേപിക്കും.

വിദ്യാഭ്യാസ രംഗത്ത് ലോകത്ത് 41 ാം റാങ്ക് ആണ് നിലവില്‍ സൗദിക്ക്. ഫ്രാന്‍സിന്റെ റാങ്ക് 40 തും. അതായത്. സൗദി വിദ്യാഭ്യാസ രംഗത്ത് ഫ്രാന്‍സിനൊപ്പമാണ്. എന്നാല്‍ വരുംവര്‍ഷങ്ങളില്‍ റാങ്കിംഗില്‍ 20 നും 30 ഇടയിലെത്തുകയാണ് ലക്ഷ്യം.

സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ 30 വര്‍ഷം കൊണ്ട് സാക്ഷാത്കരിച്ചതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കഴിഞ്ഞ 3 വര്‍ഷം കൊണ്ട് നേടാനായിട്ടുണ്ട്. വനിതകള്‍ കായിക രംഗത്ത് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകില്ല.

അവര്‍ക്ക് വ്യവസായങ്ങള്‍ തുടങ്ങുന്നതിനും വിലക്കുണ്ടാകില്ല. വിദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും എംബിഎസ് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here