ഷമിയുടെ സഹോദരനെതിരെ ഗുരുതര ആരോപണം

കൊല്‍ക്കത്ത : ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ കൊല്‍ക്കത്ത പൊലീസ് ഗാര്‍ഹിക പീഡനമടക്കമുളള വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

ഗാര്‍ഹിക പീഡനം, വധശ്രമം, വിഷം നല്‍കി ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. മുഹമ്മദ് ഷമിയുടെ മൂത്ത സഹോദരനെതിരെയാണ് ഹസിന്‍ ബലാത്സംഗക്കുറ്റം ആരോപിച്ചിരിക്കുന്നത്.

ഷമിയുടെ മൂത്ത സഹോദരന്‍ ഹസീബ് അഹമ്മദിന് എതിരെയാണ് പരാതി. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോള്‍ അവിടെവെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പരാമര്‍ശിക്കുന്നത്.

ഷമിക്കെതിരെ ചുമത്തിയിരിക്കുന്ന ചില വകുപ്പുകള്‍ ജാമ്യം നിഷേധിക്കുന്ന ഗുരുതര കുറ്റങ്ങള്‍ക്കുള്ളതാണ്. കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ പരസ്യമായി രംഗത്തുവന്നത്.

ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഹസിന്‍ ജഹാന്‍ കുറ്റപ്പെടുത്തിയിരുന്നു. വാട്സ് ആപ്പ് സന്ദേശങ്ങള്‍ ഹസിന്‍ തെളിവുകളായി തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിടുകയും ചെയ്തു.

മുഹമ്മദ് ഷമിയും കുടുംബവും തന്നെ ഉപദ്രവിക്കുന്നതായാണ് ഹസിന്റെ ആരോപണം. ഷമിയുടെ ബിഎംഡബ്ല്യു കാറില്‍ നിന്ന് ഗര്‍ഭനിരോധന ഉപാധികള്‍ കണ്ടെത്തിയതായും ഹസിന്‍ പറഞ്ഞു.

2014 ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമിന്റെ ഭാഗമായതിന് മാനേജ്മെന്റ് സമ്മാനിച്ച ഫോണും തനിക്ക് ഷമിയുടെ കാറില്‍ നിന്ന് ലഭിക്കുകയായിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് കാമുകിമാരോട് നടത്തിയ ചാറ്റിങ്ങിന്റെ വിശദാംശങ്ങള്‍ ലഭിച്ചതെന്നും ഹസിന്‍ പറയുന്നു.

ഷമിയും അമ്മയടക്കമുള്ള കുടുംബാംഗങ്ങളും രണ്ട് വര്‍ഷമായി തന്നെ ക്രൂരമായി ഉപദ്രവിക്കുകയാണ് . ഇവര്‍ തന്നെ കൊല്ലാനടക്കം ശ്രമിക്കുകയാണ്. പുലര്‍ച്ചെ 2-3 മണിവരെ ഷമി തന്നെ ഉപദ്രവിക്കാറുണ്ട്.

താരം പലതവണ മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഹസില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നുമായിരുന്നു ഷമിയുടെ പ്രതികരണം.

2014 ഏപ്രില്‍ 7 നായിരുന്നു ഷമിയുടെയും ഹസിന്റെയും വിവാഹം. ഇവര്‍ക്ക് രണ്ടര വയസ്സുള്ള മകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here