‘ശാരീരികമായി വേദനിയ്ക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല’

കൊല്‍ക്കത്ത :  മുഹമ്മദ് ഷമിയെ നേരില്‍ കാണണമെന്ന ആഗ്രഹവുമായി ഭാര്യ ഹസിന്‍ ജഹാന്‍. വാഹനാപകടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് പരിക്കേറ്റെന്ന് അറിഞ്ഞപ്പോഴായിരുന്നു ഹസിന്റെ പ്രതികരണം. ഷമിക്ക് ശാരീരികമായി വേദനയുണ്ടാകണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ല.

അദ്ദേഹത്തിന്റെ തെറ്റായ പ്രവൃത്തികള്‍ക്കെതിരെയാണ് പോരാട്ടം. ഷമി ഇപ്പോഴും തന്റെ ഭര്‍ത്താവാണ്. അദ്ദേഹം ഒരുപക്ഷേ തന്നെ ഭാര്യയായി കാണുന്നുണ്ടാകില്ല. പക്ഷേ ഷമിയോട് എനിക്കിപ്പോഴും സ്‌നേഹമാണെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു.

ശനിയാഴ്ച ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് ഷമിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. കാറില്‍ ട്രക്കിടിച്ചുണ്ടായ അപകടത്തില്‍ ഭാഗ്യവശാല്‍ ഷമിയുടെ പരിക്ക് ഗുരുതരമല്ല.

അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായി ഹസിന്‍ വ്യക്തമാക്കി. ഷമി എവിടെയാണെന്ന് അറിയില്ല. തന്റെ കോളുകള്‍ ഷമി അറ്റന്‍ഡ് ചെയ്യുന്നില്ലെന്നും ഹസിന്‍ പറയുന്നു.

നേരത്തേ ഹസിന്‍ ജഹാന്‍ സമര്‍പ്പിച്ച ഗാര്‍ഹിക പീഡന പരാതിയില്‍ കൊല്‍ക്കത്ത പൊലീസ് ഷമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. ഷമിക്ക് നിരവധി പെണ്‍കുട്ടികളുമായി അവിഹിത ബന്ധമുണ്ടെന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളും ഹസിന്‍ ഉന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here