ന്യൂഡല്‍ഹി : ഭാര്യ ഹസിന് ജഹാനെതിരെ ഗുരുതരമായ ആരോപണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി രംഗത്ത്. വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നുമുള്ള കാര്യം ഹസിന് മറച്ചുവെച്ച് വഞ്ചിച്ചെന്ന് മുഹമ്മദ് ഷമി പറഞ്ഞു.
ഇക്കാര്യം ഒളിച്ചുവെച്ചാണ് ഹസിന് തന്നെ വിവാഹം കഴിച്ചത്. കുട്ടികളെ, തന്റെ സഹോദരിയുടെ മക്കളായാണ് വിവാഹ സമയത്ത് ഹസിന് തന്നെ പരിചയപ്പെടുത്തിയത്.
നേരത്തേ വിവാഹിതയാണെന്നും രണ്ട് കുട്ടികളുണ്ടെന്നുമുള്ള കാര്യം കുടുംബ ജീവിതം ആരംഭിച്ച ശേഷമാണ് ഹസിന് തന്നോട് വെളിപ്പെടുത്തിയതെന്നും മുഹമ്മദ് ഷമി ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.
അതേസമയം ഷമി തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി ഹസിന് ജഹാന് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച ഷമി, താന്‍ മധ്യസ്ഥതയ്ക്ക് ശ്രമിച്ചതാണെന്ന് വ്യക്തമാക്കി.
ഹസിനെ ഭീഷണിപ്പെടുത്തിയിട്ടില്ല. തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കാന്‍ ശ്രമിച്ചതിനെയാണ് ഭീഷണിയായി ഹസിന് ചിത്രീകരിക്കുന്നതെന്നും ഷമി പറഞ്ഞു. തന്റെ മകളുടെ ഭാവിയോര്‍ത്ത് വേദനയുണ്ടെന്നും ഷമി കൂട്ടിച്ചേര്‍ത്തു.
ഗാര്‍ഹിക പീഡനം ആരോപിച്ച് ഹസിന് ജഹാന് ഷമിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമിടയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമായത്.
ഷമിക്ക് മറ്റ് യുവതികളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതി ഫെയ്സ്ബുക്കില്‍ ഷമിയുടെ ചില വാട്സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തുവിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.
പിന്നാലെ, ഷമിയും കുടുംബവും തന്നെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് കാണിച്ച് ഹസിന് പൊലീസിനെ സമീപിച്ചു. ഭര്‍തൃ,ഹോദരനുമായി ലൈംഗിക ബന്ധത്തിന് ഷമി നിര്ബന്ധിച്ചെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളും ഹസിന് ഷമിക്കെതിരെ ഉയര്‍ത്തിയിരുന്നു.
ഇതോടെ പ്രസ്തുത പരാതിയില്‍ ഷമിക്കെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തു. എന്നാല്‍ തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണിതെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.
എന്നാല്‍ ഹസിന് നിരന്തരം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് കടന്നാക്രമണവുമായി ഷമിയും രംഗത്തെത്തിയിരിക്കുന്നത്.