14 വയസ്സുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു

കൊല്ലം :14 വയസ്സുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന മാതാവ് കുറ്റം സമ്മതിച്ചു. കുണ്ടറ സ്വദേശിനി ജയമോളാണ് മകന്‍ ജിത്തു ജേക്കബിനെ കൊലപ്പെടുത്തിയത് താനാണെന്ന് പൊലീസിനോട് ഏറ്റു പറഞ്ഞത്.തനിക്ക് വട്ടാണെന്ന് മകന്‍ പറഞ്ഞതിനാലാണ് ജിത്തുവിനെ കൊലപ്പെടുത്തിയതെന്ന് ജയമോള്‍ പൊലീസിനോട് പറഞ്ഞു. അടുക്കളയില്‍ വെച്ച് ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയതിന് ശേഷം അയല്‍ വീട്ടിലെ പറമ്പില്‍ കൊണ്ട് പോയി തീ കൊളുത്തുകയായിരുന്നുവെന്നും ജയ പൊലീസിന് മൊഴി നല്‍കി. യാതോരു ഭാവവ്യത്യാസവും ഇല്ലാതെയായിരുന്നു യുവതി സ്‌റ്റേഷനില്‍ കുറ്റം ഏറ്റു പറഞ്ഞത്.ജയ കുറച്ച് ദിവസമായി ചെറിയ തരത്തില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ഭര്‍ത്താവ് ജോബ് മാധ്യമങ്ങളോട് പറഞ്ഞു. എന്നിരുന്നാലും അമ്മയും മകനും തമ്മില്‍ നല്ല സ്‌നേഹമായത് കൊണ്ട് തന്നെ ജയ മകനെ കൊലപ്പെടുത്തുമെന്ന് പൊലീസ് പറയുന്നത് വരെ കരുതിയില്ലെന്നും ജോബ് പറഞ്ഞു. കുണ്ടറ എംജിഡിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ജിത്തു ജോബിനെ കഴിഞ്ഞ തിങ്കളാഴ്ച മുതലായിരുന്നു കാണാതായത്.തുടര്‍ന്ന് കടയില്‍ സ്‌കെയില്‍ വാങ്ങുവാന്‍ പോയ മകനെ കാണ്മാനിലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പത്രങ്ങളിലും ഇത് സംബന്ധിച്ച പരസ്യം നല്‍കിയിരുന്നു. എന്നാല്‍ ബുധനാഴ്ച വൈകുന്നേരത്തോട് കൂടി അയല്‍ വീട്ടിലെ പറമ്പില്‍ ജിത്തുവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.കാലുകള്‍ രണ്ടും അറുത്ത് മാറ്റിയ നിലയിലായിരുന്നു. ഇവ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കുട്ടിയുടെ അമ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് സംഘം മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്തു. ഇതേ തുടര്‍ന്നാണ് യുവതി കസ്റ്റഡിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here