‘ഫോണില്‍ വിളിക്കുമ്പോള്‍ വെട്ടിവീഴ്ത്തണം’

തിരുവനന്തപുരം : മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. രാജേഷ് തന്റെ മുന്‍ഭാര്യയുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ തന്നെ വെട്ടിവീഴ്ത്തണമെന്നായിരുന്നു അബ്ദുള്‍ സത്താര്‍, അലിഭായി എന്ന സാലിഹിന് നല്‍കിയ ക്വട്ടേഷന്‍.

ഖത്തറില്‍ വ്യവസായിയായ സത്താറും നൃത്താധ്യാപികയും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. തന്റെ ദാമ്പത്യവും ബിസിനസും തകരാന്‍ രാജേഷ് കാരണക്കാരനാണെന്ന ചിന്തയിലാണ് ഇയാളെ കൊലപ്പെടുത്താന്‍ സത്താര്‍ ക്വട്ടേഷന്‍ നല്‍കിയത്.

രാജേഷും പ്രസ്തുത നൃത്താധ്യാപികയും ഒരു റേഡിയോ പരിപാടിക്കിടയിലാണ് പരിചയപ്പെട്ടത്. പിന്നീട് അത് അടുപ്പമായി വളര്‍ന്നു. ഇതോടെ സത്താര്‍ രാജേഷിനെ ഭീഷണിപ്പെടുത്തി. ഇതോടെ രാജേഷ് ഖത്തറിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. എങ്കിലും ഇരുവരും അടുപ്പം തുടര്‍ന്നു.

8 ലക്ഷത്തോളം രൂപ യുവതി രാജേഷിന് നല്‍കിയിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൊലപാതകം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് 29,000 രൂപ അവര്‍ രാജേഷിന്റെ അക്കൗണ്ടിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 29 ന് ചെന്നൈയില്‍ വെച്ച് കാണാമെന്ന് ധാരണയുമുണ്ടായിരുന്നു.

എന്നാല്‍ ഇതിന് രണ്ട് ദിവസം മുന്‍പാണ് കൊലപാതകം നടന്നത്. അടുത്ത സുഹൃത്തും തന്റെ ജിമ്മിലെ ട്രെയിനറുമായ സാലിഹിന് സത്താര്‍ ക്വട്ടേഷന്‍ നല്‍കി. കൊലപാതക പദ്ധതി തയ്യാറാക്കി സാലിഹ് മാര്‍ച്ച് 15 ന് ഖത്തറില്‍ നിന്ന് കാഠ്മണ്ഡുവിലെത്തി. തുടര്‍ന്ന് ബസ് മാര്‍ഗം ഡല്‍ഹിയിലെത്തി. 19 ന് ബംഗളൂരുവിലെത്തി.

അവിടെ അപ്പുണ്ണിയും യാസീനുമായി ഒത്തുചേര്‍ന്നു. തുടര്‍ന്ന് രാജേഷിനെ കാണാനായി അലിഭായി അപ്പുണ്ണിയുമൊത്ത് മാര്‍ച്ച് 26 ന് രാജേഷിന്റെ സ്റ്റുഡിയോയിലെത്തി. ഹ്രസ്വചിത്രം തയ്യാറാക്കാന്‍ രാജേഷിനോട് സഹായമഭ്യര്‍ത്ഥിച്ചു.

എന്നാല്‍ താന്‍ പിറ്റേന്ന് ചെന്നൈക്ക് പോവുകയാണെന്നും മറ്റാരെയെങ്കിലും സമീപിക്കൂവെന്നും രാജേഷ് മറുപടി നല്‍കി. ഇതോടെയാണ് അന്നുരാത്രി തന്നെ ക്വട്ടേഷന്‍ നടപ്പാക്കിയത്. തുടര്‍ന്ന് കാറില്‍ ബംഗളൂരുവിലെത്തിയ ശേഷം അവിടെനിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു. തുടര്‍ന്ന് നേപ്പാള്‍ വഴി തിരികെ ഖത്തറിലേക്ക് പറന്നു.

കേസില്‍ ചിക്കന്‍ പോക്‌സ് പ്രധാന തെളിവായെന്നതാണ് സവിശേഷത. അറസ്റ്റിലായവരില്‍ സാലിഹ്, സ്വാതി സന്തോഷ്, യാസീന്‍, അപ്പുണ്ണി, എന്നിവര്‍ക്കാണ് ചിക്കന്‍ പോക്‌സ് പിടിപെട്ടത്. ബംഗളൂരുവിലെ താമസത്തിനിടെയായിരുന്നു ഇത്. യാസീനില്‍ നിന്ന് ബാക്കിയുള്ളവര്‍ക്ക് രോഗം പിടിപെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here