ആന്തരിക പരിശോധനാ ഫലം പുറത്ത്

കണ്ണൂര്‍ :പിണറായിയിലെ ഒരു വീട്ടിലെ നാലു പേര്‍ അടിക്കടി മരണപ്പെട്ടതിന് പിന്നിലെ ദുരൂഹത മറനീക്കി പുറത്ത് വരുന്നു. മരിച്ചവരുടെ ശരീരത്തില്‍ അലൂമിനിയം ഫോസ്‌ഫേറ്റ് എന്ന വിഷാംശം വ്യാപകമായി കടന്നു കൂടിയതായി പൊലീസ് കണ്ടെത്തി. അതുകൊണ്ട് തന്നെ മരണങ്ങള്‍ ആസൂത്രിതമായ കൊലപാതകങ്ങളാകാം എന്ന നിഗമനത്തിലാണ് പൊലീസ് സംഘം.

കണ്ണൂര്‍ പിണറായിയിലെ വണ്ണത്താന്‍ വീട്ടിലാണ് കഴിഞ്ഞ നാല് മാസത്തിനിടെ മൂന്ന് മരണവും ഇതിന് ആറ് വര്‍ഷം മുന്‍പ് ഒരു പിഞ്ചു കുട്ടിയുടെ മരണവും നടന്നത്. 2012 സെപ്തംബര്‍ ഒമ്പതിനാണ് ഈ വീട്ടിലെ ഒന്നര വയസ്സുകാരി കീര്‍ത്തന മരണപ്പെടുന്നത്.

തുടര്‍ന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ജനുവരി 31 ന് കീര്‍ത്തനയുടെ സഹോദരി ഐശ്വര്യയും സമാന സാഹചര്യത്തില്‍ മരണപ്പെട്ടു. ചര്‍ദ്ദിയില്‍ തുടങ്ങി ആരോഗ്യ നില വഷളാവുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തുകയായിരുന്നു. പീന്നീട് ഒരു മാസത്തിന് ശേഷം ഐശ്വര്യയുടെ മുത്തശ്ശി കമലയേയും സമാനമായ രോഗാവസ്ഥ പിടികൂടി. 2018 മാര്‍ച്ച് ഏഴിന് കമല മരണപ്പെട്ടു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കമലയുടെ ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരണപ്പെട്ടത്.

തുടര്‍ന്നാണ് മൃതദേഹങ്ങള്‍ പരിശോധിച്ച് മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തണമെന്ന ആവശ്യം നാട്ടുകാരില്‍ നിന്നും ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹങ്ങള്‍ ആന്തരിക അവയവ പരിശോധനയക്ക് പരിയാരം മെഡിക്കല്‍ കോളജിലേക്ക് അയച്ചത്. ഐശ്വര്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താനായി പുറത്തെടുക്കാനും തീരുമാനമായി.

വേണ്ട പരിശോധനകള്‍ നടത്താതെയാണ് ഐശ്വര്യയുടെ മൃതദേഹം അന്ന് കുഴിച്ചിട്ടിരുന്നത്. കമലയുടെയും കുഞ്ഞിക്കണ്ണന്റെയും ആന്തരിക അവയങ്ങളുടെ പരിശോധന ഫലങ്ങള്‍ പുറത്ത് വന്നതിലാണ് അലൂമിനിയം ഫോസ്‌ഫേറ്റിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. ഗുരുതരമായ ഈ കണ്ടെത്തലോടെ മരണത്തിലെ കൊലപാതക സാധ്യതകളെ കുറിച്ച് അന്വേഷണം നടത്തുകയാണ് പൊലീസ് സംഘം.

നാട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിക്കണ്ണന്റെ മകള്‍ സൗമ്യ ഇപ്പോള്‍ സമാന രോഗാവസ്ഥയുമായി ആശുപത്രിയില്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here