നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അമ്മ

പുത്തൂര്‍ :തെരുവ് നായ്ക്കള്‍ കടിച്ച് കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. കുഞ്ഞിനെ കൊലപ്പെടുത്തിയത് കുട്ടിയുടെ അമ്മ തന്നെയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടിയുടെ മാതാവായ 24 വയസ്സുകാരിയായ അമ്പിളി, ഭര്‍ത്താവ് 26 വയസ്സുകാരനായ മഹേഷ് എന്നിവര്‍ കേസില്‍ പൊലീസ് പിടിയിലായി.

ഭാര്യയുടെ ഗര്‍ഭച്ഛിദ്രത്തിനുള്ള ശ്രമങ്ങള്‍ക്ക് സഹായം നല്‍കിയതാണ് മഹേഷിനെതിരായ കേസ്. കൊല്ലം പുത്തൂരിലെ പവിത്രേശ്വരം പഞ്ചായത്തിലുള്ള ആള്‍പാര്‍പ്പില്ലാത്ത വീടിന് പുറക് വശത്താണ് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ച് കീറിയ നിലയില്‍ കാണപ്പെട്ടത്. ഏപ്രില്‍ 17 ാം തീയ്യതിയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കുഞ്ഞിന്റെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടായത്.

ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ പൊലീസില്‍ സംശയം ജനിപ്പിച്ചു. പ്രണയ വിവാഹം കഴിച്ച ഇവര്‍ക്ക് രണ്ടര വയസ്സുള്ള ഒരാണ്‍കുട്ടി കൂടിയുണ്ട്. ഉടനെയൊന്നും അടുത്ത കുട്ടി വേണ്ട എന്ന തീരുമാനമായിരുന്നു ഇരുവരേയും ഗര്‍ഭച്ഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചത്. മാസമുറയിലെ പ്രശ്‌നങ്ങള്‍ കാരണം ഗര്‍ഭധാരണം നടന്ന് നാല് മാസങ്ങള്‍ക്ക് ശേഷമാണ് അമ്പിളിയുടെ വയറ്റില്‍ മറ്റൊരു കുട്ടി വളരുന്ന കാര്യം ദമ്പതികള്‍ അറിയുന്നത്. എന്നാല്‍ വൈകി പോയത് കൊണ്ട് തന്നെ ഗര്‍ഭച്ഛിദ്രം നടത്താനുള്ള ദമ്പതിമാരുടെ ശ്രമങ്ങളൊന്നും തന്നെ ഫലം കണ്ടില്ല. ഇതിനിടയില്‍  ഗര്‍ഭം അലസിപ്പിക്കാനുള്ള നാട്ടുവൈദ്യങ്ങള്‍ കഴിച്ച യുവതിക്ക് രക്തസ്രാവവും ഉണ്ടായി. എന്നിട്ടും ഗര്‍ഭം അലസിയില്ല.

17 ാം തീയതി ഉച്ചയ്ക്ക് യുവതി വീട്ടിനുള്ളില്‍ വെച്ച് പ്രസവിച്ചു. സംഭവ സമയം വീട്ടില്‍ മറ്റാരുമുണ്ടായില്ലെന്നാണ് പൊലീസിന് അമ്പിളി നല്‍കിയ മൊഴി. ഇതിന് ശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സമീപത്തുള്ള ഒഴിഞ്ഞ വീടിന്റെ പുറക് വശത്ത് കുഴിച്ചിട്ടു. എന്നാല്‍ തെരുവ് നായ്ക്കള്‍ ഈ മൃതദേഹം അവിടെ നിന്നും മാന്തിയെടുത്ത് മറ്റൊരു സ്ഥലത്ത് കൊണ്ടിടുകയായിരുന്നു. തുടക്കത്തില്‍ നാട്ടുകാരും വീട്ടുകാരും കുട്ടിയെ തെരുവ് നായ്ക്കള്‍ കടിച്ച് കീറി കൊലപ്പെടുത്തിയതാണെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സത്യം വെളിച്ചത്ത് വരികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here