കുഞ്ഞിനെ അമ്മ കിണറ്റിലിട്ട് കൊലപ്പെടുത്തി

റായ്പൂര്‍ :മൂന്ന് മാസം പ്രായമുള്ള മകനെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍. ചത്തീസ്ഖണ്ഡിലെ റായ്പൂരിനടുത്തുള്ള വൈകുണ്ഠപുര ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

വൈകുണ്ഠപുര സ്വദേശിനി കാജോളാണ് സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. ചൊവാഴ്ചയായിരുന്നു കൊലപാതകം അരങ്ങേറിയത്.കാജോളിനേയും പിഞ്ചു കുഞ്ഞിനേയും തനിച്ചാക്കി ഭര്‍തൃവീട്ടുകാര്‍ ഒരു ചടങ്ങിനായി ഗ്രാമത്തിലെ ഒരു ബന്ധുവിന്റെ പക്കല്‍ പോയിരുന്നു. ഇവര്‍ തിരിച്ച് വന്നപ്പോള്‍ വായ മൂടി കെട്ടിയ നിലയില്‍ കാജോളിനെ മുറിയില്‍ നിന്നും കണ്ടെത്തി.

കുട്ടിയെവിടെ എന്ന് വീട്ടുകാര്‍ തിരക്കിയപ്പോള്‍ അജ്ഞാതനായ ഒരാള്‍ വന്ന് തന്നെ മര്‍ദ്ദിച്ച് അവശയാക്കി വായില്‍ തുണി തിരുകിയിട്ടതിന് ശേഷം കുട്ടിയെ കിണറ്റില്‍ എറിഞ്ഞതായി യുവതി അവരോട് പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തു.

പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലില്‍ ആദ്യമൊക്കെ യുവതി തന്റെ മൊഴിയില്‍ ഉറച്ചു നിന്നു. എന്നാല്‍ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്ന് ബുധനാഴ്ചയും പൊലീസ് യുവതിയെ ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിലാണ് യുവതി കുറ്റം സമ്മതിച്ചത്.

തനിക്ക് കുട്ടിയെ ശരിയാം വണ്ണം പരിചരിക്കാന്‍ അറിയില്ലെന്നും ഇക്കാരണത്താല്‍ ഭര്‍തൃവീട്ടില്‍ വെച്ച് തനിക്ക് എപ്പോഴും ശകാരങ്ങളേല്‍ക്കേണ്ടി വരാറുള്ളതായും യുവതി പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് കുഞ്ഞിനെ അപായപ്പെടുത്താന്‍ കാജോള്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here