കിണറ്റില്‍ വീണ മകനെ അമ്മ രക്ഷിച്ചു

മൂവാറ്റുപുഴ :നാല്‍പ്പത് അടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ വീണ കുഞ്ഞിനെ അമ്മ അത്ഭുതകരമായി രക്ഷിച്ചു. മൂവാറ്റുപുഴ ആയവന കാലാമ്പൂര്‍ സിദ്ധന്‍പ്പടി കുന്നക്കാട്ടു മല കോളനിയിലാണ് മാതൃത്വത്തിന്റെ മഹത്വം വിളിച്ചോതുന്ന ഈ അസാധാരണ സംഭവം അരങ്ങേറിയത്. കോളനി നിവാസികളായ ബിജുവിന്റെയും മിനിയുടെയും മകന്‍ എട്ടു വയസ്സുള്ള അലനാണ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണത്.

കുട്ടിയുടെ നിലവിളി കേട്ട് കിണറ്റിന്റെ അടുത്തേക്ക് ഓടിയെത്തിയപ്പോഴാണ് അമ്മ മിനി സംഭവമറിയുന്നത്. മകന്‍ കിണറ്റില്‍ നിന്നും നിലവിളിക്കുന്നത് കണ്ടതോടെ മിനി പിന്നെ ഒന്നും നോക്കിയില്ല. ആഴമുള്ള കിണറ്റിലേക്ക് എടുത്ത് ചാടിയ മിനി വെള്ളത്തില്‍ നിന്നും കുട്ടിയെ തന്റെ കയ്യില്‍ കോരിയെടുത്തു. മുങ്ങിത്താഴാതിരിക്കാന്‍ അമ്മ ഒരു മണിക്കൂറോളം കുഞ്ഞിനെ തന്റെ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ചു. കിണറ്റില്‍ മിനിയുടെ അരയ്‌ക്കൊപ്പം വെള്ളമേ ഉണ്ടായിരുന്നുള്ളു. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനയാണ് അമ്മയേയും കുഞ്ഞിനേയും വലയും ഏണിയും ഉപയോഗിച്ച് പുറത്തേക്ക് എത്തിച്ചത്. അമ്മയേയും കുട്ടിയേയും മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here