ഭര്‍ത്താവിനെ ചികിത്സിക്കാന്‍ പണമില്ല; പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ വിറ്റു

ലഖ്‌നൗ: അപകടത്തില്‍ പരിക്കേറ്റ ഭര്‍ത്താവിനെ ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ അമ്മ വിറ്റു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ മിര്‍ഗാന്‍ജിലാണ് 45,000 രൂപയ്ക്ക് അമ്മ സ്വന്തം കുഞ്ഞിനെ വിറ്റത്. സഞ്ജു മൗര്യ എന്ന യുവതിയാണ് ഭര്‍ത്താവായ ഹര്‍സ്വരൂപ് മൗര്യയുടെ ചികിത്സക്കായി കുഞ്ഞിനെ വിറ്റത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഹര്‍സ്വരൂപിന്റെ മേല്‍ ജോലിക്കിടെ ചുമര്‍ ഇടിഞ്ഞു വീണു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹര്‍സ്വരൂപിന് ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയക്ക് നിര്‍ദ്ദേശിച്ചു. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ഗ്രാമത്തിലുള്ള പലരേയും സമീപിച്ചെങ്കിലും ആരും തങ്ങളെ സഹായിക്കാന്‍ തയ്യാറായില്ലെന്ന് സഞ്ജു പറഞ്ഞു. തുടര്‍ന്നാണ് കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചതും, വാങ്ങാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച് ഒരാള്‍ തന്നെ സമീപിച്ചതെന്നും സഞ്ജു പറയുന്നു. ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം നല്‍കിയതിന് ശേഷമാണ് കുട്ടിയെ കൈമാറിയതെന്നും ഇവര്‍ പറഞ്ഞു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. വേണ്ട നടപടികള്‍ സ്വീകരിച്ച് കുട്ടിയെ മാതാപിതാക്കള്‍ക്ക് അടുത്തെത്തിക്കുമെന്ന് സാമൂഹ്യ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here