പരിഹസിക്കപ്പെട്ട പൊലീസുകാരന്‍ ആളാകെ മാറി

മുംബൈ: അമിതവണ്ണം കൊണ്ട് സോഷ്യല്‍മീഡിയകളില്‍ പരിഹാസങ്ങള്‍ക്കിരയായ ആ പൊലീസുകാരന്‍ ഒടുവില്‍ വണ്ണം കുറച്ചു. മധ്യപ്രദേശുകാരനായ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദൗലത് റാം ജോഗത്താണ് ഒരു വര്‍ഷം കൊണ്ട് 65 കിലോ ഭാരം കുറച്ചത്.

എഴുത്തുകാരി ശോഭാ ഡെയുടെ ഒറ്റ ട്വീറ്റ് കൊണ്ടാണ് ഇദ്ദേഹം നവമാധ്യമങ്ങളില്‍ വൈറലായത്. 2017, ഫെബ്രുവരിയില്‍ പൊലീസുകാര്‍ക്കിടയിലെ അമിതവണ്ണത്തെ പരിഹസിച്ച് ദൗലതിന്റെ ഫോട്ടോയടക്കം ശോഭാഡെ ട്വീറ്റ് ചെയ്തിരുന്നു.

ട്വീറ്റുകളും മറുട്വീറ്റുകളുമായി ദൗലത്തിന്റെ ചിത്രം വൈറലായി. പൊലീസുകാരുടെ അനാരോഗ്യത്തെക്കുറിച്ച് സമൂഹത്തെ അറിയിക്കാന്‍ വേണ്ടിയായിരുന്നു ശോഭാഡെ ഈ ചിത്രം പോസ്റ്റ് ചെയ്തത്.

എന്നാല്‍ ആ ട്വീറ്റ് കൊണ്ടത് വൈറലായ ദൗലതിനാണ്. പരിഹാസം കൊണ്ട് നീറിയ അദ്ദേഹം തടികുറയ്ക്കാന്‍ തന്നെ തീരുമാനിച്ചു. മുംബൈയുള്ള ബെരിയാട്രിക്ക് സര്‍ജന്‍ ഡോ. മുഹമ്മദ് ലക്ഡാവാലയെ പോയി കണ്ടു.

180 കിലോയായിരുന്നു അപ്പോള്‍ ദൗലതിന്. അദ്ദേഹത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കിയ ഡോക്ടര്‍ സൗജന്യമായി ദൗലത്തിനെ തടികുറയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ശസ്ത്രക്രിയയോടൊപ്പം കൃത്യമായ വ്യായാമവും ഭക്ഷണരീതികളും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതോടെ ഒരുവര്‍ഷം കൊണ്ട് കുറഞ്ഞത് 65 കിലോ. ട്വീറ്റിന്റെ പേരില്‍ ശോഭാഡെയോട് ആദ്യം വിദ്വേഷം തോന്നിയെങ്കിലും ആരോഗ്യപൂര്‍ണ്ണമായ ശരീരത്തിന്റെ ആവശ്യകത ബോധ്യമായത് ഇപ്പോഴാണെന്നും ദൗലത് പറഞ്ഞു.

തന്റെ ജീവിതം മാറ്റിമറിച്ച ട്വീറ്റിന് നന്ദി പറയുന്നതോടൊപ്പം എന്നെങ്കിലും ശോഭാഡെയെ നേരിട്ട് കാണണമെന്ന ആഗ്രഹവും ദൗലത് പങ്കുവെച്ചു. അതേസമയം ദൗലതിന്റെ ശരീര ഭാരം 30 കിലോ കൂടി കുറയ്ക്കാനാണ് ഡോക്ടറുടെ ഇനിയുള്ള നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here