പീഡനക്കാര്‍ക്ക് പെണ്‍കുട്ടികളുടെ പ്രഹരം

ഭോപ്പാല്‍ : ബലാത്സംഗത്തിന് അറസ്റ്റിലായ പ്രതികളെ പൊലീസ് റോഡിലൂടെ നടത്തിച്ചപ്പോള്‍ പ്രഹരിച്ച് പെണ്‍കുട്ടികള്‍. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഒരു യുവതിയെ പീഡിപ്പിച്ചതിന് പിടിയിലായ 4 പേര്‍ക്കാണ് സ്ത്രീകളില്‍ നിന്ന് പൊലീസ് സാന്നിധ്യത്തില്‍ മര്‍ദ്ദനമേറ്റത്.

ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടികള്‍ ചെരിപ്പൂരിയടക്കം പ്രതികളുടെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ശനിയാഴ്ചയാണ് വനിത പീഡിപ്പിക്കപ്പെട്ടത്. മുന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

താന്‍ നഗരത്തിലെ ഒരു ഹോട്ടലിലുണ്ടെന്നും അടിയന്തരമായി അവിടെയെത്തണമെന്നും മുന്‍ കാമുകന്‍ യുവതിയോട് ആവശ്യപ്പെട്ടു. ഒരു സുപ്രധാന കാര്യം പറയാനുണ്ടെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. ഇതുപ്രകാരം യുവതി ഹോട്ടലിലെത്തി. അവിടെവെച്ച് ഇയാള്‍ അവരുടെ മൊബൈല്‍ പിടിച്ചുവാങ്ങി.

തുടര്‍ന്ന് ഇത് തിരികെ നല്‍കണമെങ്കില്‍ ഇയാള്‍ക്കൊപ്പം സുഹൃത്തിന്റെ മുറിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ഇയാള്‍ക്കൊപ്പം പോകാന്‍ യുവതി നിര്‍ബന്ധിതയായി. യുവതിയെ ബൈക്കില്‍ കയറ്റി ഇയാള്‍ സുഹൃത്തിന്റെ മുറിയിലേക്ക് കൊണ്ടുപോയി.

എന്നാല്‍ ഈ സമയം ഇയാളുടെ 3 സുഹൃത്തുക്കള്‍ മുറിയിലുണ്ടായിരുന്നു. രണ്ട് പേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു. ഈ സമയം മറ്റ് രണ്ട് പേര്‍ കാവല്‍ നിന്നു. എന്നാല്‍ ഇവരില്‍ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് 4 പേരെയും പിടികൂടി. ഇവരെ റോഡിലൂടെ നടത്തിച്ചാണ് കൊണ്ടുപോയത്. ഈ സമയം സമീപത്തുണ്ടായിരുന്ന പെണ്‍കുട്ടികളും വനിതകളുമടക്കമുള്ളവര്‍ ഇവരെ കൈകൊണ്ടും വടികൊണ്ടും ചെരിപ്പൂരിയും പ്രഹരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here