കഴിവല്ല മാനദണ്ഡം; ടോപ്‌സ്‌കോററെ ഒഴിവാക്കി എംപിയുടെ മകന്‍ ടീമില്‍ കയറിയത് ഒരു മത്സരം പോലും കളിക്കാതെ

ഡല്‍ഹി: ഈ സീസണില്‍ ഒരു മാച്ചില്‍ പോലും കളിക്കാതെ ഡല്‍ഹി ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ സാര്‍തക് രഞ്ജന്റെ സെലക്ഷന്‍ വിവാദമാകുന്നു. ബീഹാര്‍ എംപി പപ്പു യാദവിന്റെ മകനാണ് ഈ സീസണില്‍ ഒരു മത്സരത്തിന് പോലും ഇറങ്ങാതെ ക്രിക്കറ്റ് ടീമില്‍ തിരഞ്ഞെടുക്കപ്പെട്ടത്.
അണ്ടര്‍ 23 ടീമിലെ ടോപ് സ്‌കോററായ ഹിതെന്‍ ദലാലിനെ പുറത്തിരുത്തിയാണ് സാര്‍തകിനെ ടീമിലെടുത്തത്. അതുല്‍ വാസന്‍, ഹരി ഗിദ്‌വാനി, റോബിന്‍ സിങ്ങ് ജൂനിയര്‍ എന്നിവരടങ്ങിയ
മൂന്നംഗ സെലക്ഷന്‍ സമിതിയാണ് ടീമിനെ തിരഞ്ഞെടുത്തത്. സാര്‍തകിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മുന്‍ രാഷ്ട്രീയ ജനതാദള്‍ നേതാവും മദേപുരയില്‍ നിന്നുള്ള എംപിയുമാണ് പപ്പുയാദവ് എന്നറിയപ്പെടുന്ന രാജേഷ് രഞ്ജന്‍. ഇപ്പോള്‍ ജന്‍ അധികാര്‍ പാര്‍ട്ടി എന്ന പേരില്‍ സ്വന്തം പാര്‍ട്ടി ആരംഭിച്ചിരിക്കുകയാണ് ഇദ്ദേഹം. നേരത്തെ മുഷ്താഖ് അലി ടൂര്‍ണമെന്റിലേക്കുള്ള ഡല്‍ഹി ടീമിലേക്ക് സാര്‍തകിനെ തെരഞ്ഞെടുത്തതും വിവാദമായിരുന്നു. മൂന്ന് കളിയില്‍ നിന്നായി 10 റണ്ണാണ് സാര്‍തക് നേടിയത്. രഞ്ജി ട്രോഫിയുടെ സാധ്യതാ ടീമില്‍ ഇടം നേടിയിരുന്നെങ്കിലും കളിക്കുന്നില്ലെന്ന് വ്യക്തമാക്കി സാര്‍തക് തന്നെ പിന്മാറുകയായിരുന്നു. ഇതോടെ ക്രിക്കറ്റില്‍ സാര്‍തകിനുള്ള താല്‍പര്യം നഷ്ടപ്പെട്ടുവെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സാര്‍തകിന്റെ അമ്മയും കോണ്‍ഗ്രസ് എം.പിയുമായ രണ്‍ജീത് രഞ്ജന്റെ പെട്ടെന്നുള്ള ഇടപെടലാണ് താരത്തെ ടീമിലെത്തിച്ചതെന്നാണ് സൂചന.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here