ഏഴ് വയസ്സുകാരന്‍ പൊലീസായി

മുംബൈ :ഏഴ് വയസ്സുകാരന്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറായി. മുംബൈ സ്വദേശിയായ അര്‍പ്പിത് മണ്ഡല്‍ എന്ന ഏഴ് വയസ്സുകാരനാണ് ഒരു ദിവസത്തേക്ക് പൊലീസ് ഇന്‍സപെക്ടറാകാന്‍ അവസരം ലഭിച്ചത്. അര്‍പ്പിത് ക്യാന്‍സര്‍ രോഗ
ബാധിതനാണ്. അര്‍പ്പിതിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വലുതാകുമ്പോള്‍ ഒരു പൊലീസ് ഇന്‍സ്‌പെക്ടറാവുകയെന്നത്.

അര്‍പ്പിതിന്റെ ആഗ്രഹം കേട്ടറിഞ്ഞ മുംബൈ പൊലീസ് കുട്ടിയുടെ സ്വപ്‌നം സാധ്യമാക്കാന്‍ അവസരം നല്‍കുകയായിരുന്നു. മുംബൈയിലെ മുലന്ത് പൊലീസ് സ്റ്റേഷന്റെ ഒരു ദിവസത്തെ ചാര്‍ജ്ജാണ് അര്‍പ്പിതിന് ലഭിച്ചത്. രാവിലെ തന്നെ ജോലിക്ക് കയറിയ അര്‍പ്പിത് രജിസ്റ്ററില്‍ ഒപ്പു വെച്ചു, പൊലീസുകാര്‍ അര്‍പ്പിതിന് സല്യൂട്ട് നല്‍കി. കേക്ക് മുറിച്ചാണ് മുംബൈ പൊലീസ് അര്‍പ്പിതിന്റെ ഈ സ്വപ്‌ന സാക്ഷാത്ക്കാര ദിനം സ്റ്റേഷനില്‍ ആഘോഷിച്ചത്.

സമൂഹ മാധ്യമങ്ങളിലടക്കം നിരവധി പേരാണ് മുംബൈ പൊലീസിന്റെ ഈ കരുണ നിറഞ്ഞ നടപടിയെ പ്രശംസിച്ച് കൊണ്ട് രംഗത്ത് വരുന്നത്. നേരത്തേയും ഇത്തരത്തിലുള്ള കാരുണ്യം നിറഞ്ഞ സേവന പ്രവര്‍ത്തനങ്ങളുമായി മുംബൈ പൊലീസ് വാര്‍ത്താ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്.

2015 ഫെബ്രുവരിയിലും മാഹേക് സിംഗ് എന്ന ക്യാന്‍സര്‍ ബാധിതനായ ഏഴ് വയസ്സുകാരനെ ഒരു ദിവസത്തെ ഇന്‍സ്‌പെക്ടറാക്കി മുംബൈ പൊലീസ് ഏവരുടെയും കയ്യടി നേടിയിരുന്നു.

പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവാവിന്റെ പിറന്നാള്‍ സ്റ്റേഷനില്‍ വെച്ച് സര്‍പ്രൈസായി ആഘോഷിച്ചും മുംബൈ പൊലീസ് വ്യത്യസ്ഥരായിരുന്നു. എഫ്‌ഐആറില്‍ നോക്കിയാണ് യുവാവിന്റെ ജന്മദിനമാണ് അന്നെന്ന് പൊലീസ് മനസ്സിലാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here