ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു

സത്‌ന: മധ്യപ്രദേശില്‍ ഗോവധം ആരോപിച്ച് 45കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. റിയാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ഷക്കീലിന് (33) ഗുരുതരമായി പരുക്കേറ്റു. സത്‌നയിലെ അംഗര്‍ സ്വദേശികളാണ് ഗോരക്ഷാ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായത്.

ബുധനാഴ്ച രാത്രിയാണു സംഭവം. പശുവിനെ കൊന്നെന്ന് ആരോപിച്ച് ഒരു സംഘം ഗ്രാമീണര്‍ കല്ലും വടിയുമായി ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പവന്‍ സിങ് ഗോണ്ട്, വിജയ് സിങ് ഗോണ്ട്, ഫൂല്‍സിങ് ഗോണ്ട്, നാരായണ്‍ സിങ് ഗോണ്ട് എന്നീ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി പശുവിനെ മേയ്ച്ചുകൊണ്ടുവരുന്നതിനിടെ റിയാസിനെയും ഷക്കീലിനെയും ഒരു സംഘം ആക്രമിക്കുകയായിരുന്നു.

ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. വിവരം ലഭിച്ച് പുലര്‍ച്ചയോടെ പൊലീസ് സംഭവ സ്ഥലത്തെത്തുമ്പോഴേക്കും റിയാസ് മരിച്ചിരുന്നു. ഷക്കീലിന്റെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഷക്കീലിന്റെ പേരില്‍ ഗോവധത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം, ഗോവധം നടത്തിയെന്ന ആരോപണം റിയാസിന്റെയും ഷക്കീലിന്റെയും കുടുംബങ്ങള്‍ നിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here