ജയ്പുര്‍: ജയ് ശ്രീറാം എന്ന് വിളിക്കാത്തതിന്റെ പേരില്‍ മുസ്ലീം വയോധികനെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു.
മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. വിനയ് മീണ എന്ന 18 വയസ്സുകാരന്, മുഹമ്മദ് സലിം എന്നയാളെയാണ് മര്‍ദ്ദിച്ചത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിനയ്യെ പൊലീസ് അറസ്റ്റ് ചെയ്തു.
ജയ് ശ്രീറാം എന്ന് വിളിക്കണം എന്ന് ഇയാള്‍ പറയുന്നതും, വിളിക്കാതിരുന്നതോടെ മുഖത്ത് ആഞ്ഞടിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ‘ദൈവം സര്‍വ്വശക്തനാണ്’ എന്ന് മാത്രമാണ് സലിം പറഞ്ഞത്.
തുടര്‍ന്ന് പ്രതി ഇയാളുടെ താടി പിടിച്ച് വലിക്കുകയും മുഖത്ത് നിരവധി തവണ ആഞ്ഞടിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഇവിടെ ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത് എന്നും യുവാവ് ചോദിക്കുന്നുണ്ട്.
ശാരീരികമായി അക്രമിക്കല്‍, മതവികാരം മുറിപ്പെടുത്തല്‍, ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് വിനയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം താന്‍ മദ്യലഹരിയില്‍ ചെയ്തതാണെന്നാണ് പൊലീസിന് ഇയാള്‍ നല്കിയ മൊഴി.