പൂജാരിയെ സഹായിക്കാന്‍ മുസ്ലിം വിശ്വാസികള്‍

മാല്‍ഡാ :വര്‍ഗ്ഗീയ ദ്രുവീകരണ സംഘടനകള്‍ രാജ്യത്ത് അനുദിനം ശക്തി പ്രാപിച്ച് വരുന്നതിനിടെ മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹിമ ഉയര്‍ത്തി കാട്ടുന്ന പ്രവര്‍ത്തനവുമായി രാജ്യത്തിനാകെ മാതൃകയാവുകയാണ് ഒരു ഗ്രാമവും അവിടുത്തെ ജനങ്ങളും.

ഈ ഗ്രാമത്തിലെ ക്ഷേത്ര പൂജാരിയുടെ ഭാര്യയുടെ ക്യാന്‍സര്‍ ചികിത്സയ്ക്കായി വീടുകള്‍ തോറും കയറിയിറങ്ങി പണം പിരിക്കുന്ന തിരക്കിലാണ് പ്രദേശത്തെ മുസ്‌ലിം മത വിശ്വാസികള്‍ ഇപ്പോള്‍. അടുത്തിടെ വര്‍ഗ്ഗീയ ദ്രുവീകരണത്തിന്റെ ഭാഗമായുള്ള പ്രതിഷേധങ്ങളാല്‍ രാജ്യത്താകമാനം വാര്‍ത്തകളില്‍ ഇടം നേടുന്ന പശ്ചിമ ബംഗാളില്‍ തന്നെയാണ് ഈ ഗ്രാമം എന്നതാണ് മറ്റൊരു അത്ഭുതകരമായ വസ്തുത.

പശ്ചിമ ബംഗളിലെ മാല്‍ഡാ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഹിന്ദു ക്ഷേത്രത്തിലെ പൂജാരിയുടെ ഭാര്യയുടെ ചികിത്സയ്ക്കായി മുസ്‌ലിം സഹോദരങ്ങള്‍ പണം സ്വരൂപിക്കുന്നത്. ജനസംഖ്യയില്‍ മൂന്നിലൊന്ന് പേര്‍ മുസ്ലീം വിശ്വാസികളായ ഈ ഗ്രാമത്തിലെ ഭൂരിഭാഗം പേരും ദരിദ്രരാണ്.

എന്നിരുന്നാലും അയല്‍ക്കാരന്‍ ആപത്തില്‍ പെട്ടാല്‍ സഹായിക്കുകയെന്നത് തങ്ങളുടെ ധര്‍മ്മത്തിന്റെ ഭാഗമാണെന്ന് ഗ്രാമവാസിയായ മോര്‍ട്ടാസ അലി ഖാന്‍ പറയുന്നു. നിശ്ചിത തുക നല്‍കണമെന്ന നിബന്ധന പിരിവിനില്ല.

തങ്ങളാല്‍ കഴിയുന്ന സംഭാവന ചികിത്സയ്ക്കായി നല്‍കാനാണ് ഗ്രാമവാസികളുടെ തീരുമാനം. ഇതുവരെ 50,000 രൂപ പ്രദേശവാസികളില്‍ നിന്നും പിരിച്ചെടുത്തതായി അലി ഖാന്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here