ഒരു കുടുംബത്തില്‍ തുടര്‍ച്ചയായി 4 മരണം

കണ്ണൂര്‍ : നാല് മാസത്തിന്റെ ഇടവേളയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരണപ്പെട്ടു. മറ്റൊരാള്‍ ചികിത്സയിലും. കണ്ണൂരിലെ പടന്നക്കര ഗ്രാമത്തെ ആശങ്കയിലാഴ്ത്തുകയാണ് ഈ കുടുംബത്തിന്റെ ദുരവസ്ഥ. 6 വര്‍ഷത്തിനിടെ കാരണമെന്തന്നറിയാത്ത നാലുമരണങ്ങളാണ് ഈ വീട്ടിലുണ്ടായത്. പടന്നക്കരയിലെ കുഞ്ഞിക്കണ്ണന്റെ കുടുംബത്തിലാണ് ഈ ദുര്‍വിധി. മരണകാരണം എന്താണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.

6 വര്‍ഷം മുന്‍പ് ഒരു വയസ്സുകാരി കീര്‍ത്തന മരണപ്പെട്ടു. ഛര്‍ദിയിലായിരുന്നു അസ്വസ്ഥതകളുടെ തുടക്കം. ഈ വിയോഗത്തിന്റെ സങ്കടത്തില്‍ നിന്ന് ഇനിയും കരകയറാന്‍ വിഷമിക്കെയാണ് ഈ ജനുവരിയില്‍ മരണം നാലാം ക്ലാസുകാരി ഐശ്വര്യയെ കവര്‍ന്നത്. മാര്‍ച്ച് മാസത്തില്‍ കുഞ്ഞിക്കണ്ണന്റെ ഭാര്യ കമലയും മരിച്ചു.

ശേഷം കഴിഞ്ഞയാഴ്ച കുഞ്ഞിക്കണ്ണനും മരണപ്പെട്ടു. ഇതോടെ നാടാകെ ആശങ്കയിലാഴ്ന്നു. കുഞ്ഞിക്കണ്ണന്റെ മകള്‍ സൗമ്യ ചികിത്സയിലാണ്. എന്താണ് തുടര്‍മരണങ്ങളുടെ കാരണമെന്ന് വ്യക്തമല്ല. ഛര്‍ദിയിലാണ് തുടക്കം. തുടര്‍ന്ന് ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമാണ്.

ഇതില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാനായി കാത്തിരിക്കുകയാണ് പൊലീസ്. കിണര്‍വെള്ളം പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here