മുഹമ്മദ് ബിന്‍ സല്‍മാന്‍ എവിടെ ?

ദുബായ് : സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാത്തതില്‍ ചോദ്യങ്ങളുയരുന്നു. ഏപ്രില്‍ 21 ന് ശേഷം എംബിഎസ് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

റിയാദിന് നേര്‍ക്ക് ഹൂതി വിമതരുടെ ആക്രമണം ഉണ്ടായതിന് ശേഷമാണ് ഈ തിരോധാനമെന്നും റിപ്പോര്‍ട്ടുണ്ട്. ഏപ്രില്‍ 21 ന് സൗദി കൊട്ടാരത്തിന് പുറത്ത് വെടിയൊച്ച കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൂടാതെ ഹൂതി വിമതരുടെ ഡ്രോണ്‍ സൗദി കൊട്ടാരത്തിന് സമീപമെത്തിയ സംഭവവും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എംബിഎസിനെ പുറത്തുകാണാത്തതെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്.

ഏപ്രില്‍ 28 ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിനോടനുബന്ധിച്ചൊന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയിട്ടില്ല.

സൗദി രാജാവ് സല്‍മാനും വിദേശകാര്യമന്ത്രി അദേല്‍ അല്‍ ജുബൈറും പോംപിയോയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളേ പുറത്തുവന്നിരുന്നുള്ളൂ. പൊടുന്നനെയുള്ള എംബിഎസിന്റെ അപ്രത്യക്ഷമാകലാണ് ചോദ്യങ്ങളുയര്‍ത്തുന്നത്.

ഭീഷണികളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം സൗദിയില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന തരത്തിലും സൂചനകള്‍ പുറത്തുവരുന്നുണ്ട്. അഴിമതിക്കാരായ രാജകുടുംബാംഗങ്ങളെയും ഭരണകര്‍ത്താക്കളെയും തടവിലാക്കിയതടക്കം നിര്‍ണ്ണായക നീക്കങ്ങള്‍ എംബിഎസില്‍ നിന്നുണ്ടായിരുന്നു.

 

കൂടാതെ സാമൂഹ്യ രംഗത്തും നിര്‍ണ്ണായക പരിഷ്‌കാരങ്ങളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗിനും സ്‌റ്റേഡിയത്തില്‍ പ്രവേശനത്തിനും അനുമതി.

വിവിധ മേഖലകളില്‍ നിയമനം. അബായ ധരിക്കുന്നതില്‍ ഇളവ് എന്നിവ പ്രഖ്യാപിച്ചിരുന്നു. കൂടാതെ 35 വര്‍ഷത്തെ സിനിമാ വിലക്ക് നീക്കി തിയേറ്ററുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

അത്തരത്തില്‍ ലോക ശ്രദ്ധയാകര്‍ഷിച്ച് സജീവമായി നില്‍ക്കെയാണ് പെട്ടെന്നുള്ള പിന്‍വാങ്ങലെന്നതാണ് ചോദ്യങ്ങളുയര്‍ത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here