ദമ്പതികളുടെ മരണത്തില്‍ ദുരൂഹത

ജിദ്ദ : സൗദിയില്‍ മലയാളി ദമ്പതികളുടെ മരണത്തിലെ ദുരൂഹത തുടരുന്നു. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുള്ള(38) ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്വാന(30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ഹസ്സ നഗരത്തിന് സമീപം വിജനമായ സ്ഥലത്ത് കാറിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്.

റിസ്വാനയെ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ കുഞ്ഞബ്ദുള്ളയുടെ മൃതദേഹത്തില്‍ മുറിവുകളോ മറ്റ് ക്ഷതങ്ങളോ കണ്ടെത്താനായിട്ടുമില്ല. റിസ്വാനയെ കൊലപ്പെടുത്തിയശേഷം കുഞ്ഞബ്ദുള്ള ആത്മഹത്യ ചെയ്തതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. പക്ഷേ കുഞ്ഞബ്ദുള്ള എങ്ങനെ മരിച്ചെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.

എന്നാല്‍ റിസ്വാനയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയില്‍ മറ്റാരുടെയും വിരലടയാളങ്ങളില്ല. ദമാമില്‍ നിന്ന് മടങ്ങുന്ന വഴി അല്‍ഹസ്സയ്ക്ക് 25 കിലോമീറ്റര്‍ അകലെ അല്‍അയൂണിലാണ് വാഹനം കണ്ടെത്തിയത്.ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വിവരമില്ല.

എന്നാല്‍ ഇവര്‍ക്ക് മക്കളില്ലായിരുന്നു. അതിനുള്ള ചികിത്സയില്‍ മികച്ച പുരോഗതിയുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കുഞ്ഞബ്ദുള്ളയുടെ പിതൃസഹോദരന്‍ കരീം പറയുന്നു. കുഞ്ഞബ്ദുള്ളയുടെ മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കും. റിസ്വാനയുടെ സംസ്‌കാരം സംബന്ധിച്ച് ബന്ധുക്കള്‍ എത്തിയശേഷം തീരുമാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here