സാലിക്കും കുടുംബത്തിനും ഇത് രണ്ടാംജന്‍മം

ദുബായ് : ചലച്ചിത്ര സംവിധായകനും നടനുമായ നാദിര്‍ഷയുടെ സഹോദരനും കുടുംബവും ദുബായില്‍ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. സുഹൃത്തിന്റെ ഫോണ്‍വിളിയാണ് സാലിയുടെയും കുടുംബത്തിന്റെയും ജീവന്‍ രക്ഷിച്ചത്.

സംഭവം ഇങ്ങനെ. സാലിയും കുടുംബവും മുഹൈസിനയിലെ ഫ്‌ളാറ്റിലാണ് താമസം. രാത്രിയില്‍ നല്ല ഉറക്കത്തിലായിരുന്നു എല്ലാവരും. അപ്പോഴാണ്, ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സുഹൃത്ത് അനീസിന്റെ കോള്‍.

ഉറക്കച്ചടവോടെ സാലി ഫോണെടുത്തു. ഫ്‌ളാറ്റ് കെട്ടിടത്തില്‍ തീയും പുകയും കാണുന്നുവെന്നും താഴെ ആള്‍ക്കൂട്ടവും ആംബുലന്‍സുമല്ലൊമുണ്ടെന്നും അനീസ് പറഞ്ഞു. ചാടിയെണീറ്റ് ജനലിലൂടെ താഴേക്ക് നോക്കിയപ്പോള്‍ ആള്‍ക്കൂട്ടത്തെ കണ്ടു.

ഉടന്‍ ഭാര്യയെയും മക്കളെയും വിളിച്ചുണര്‍ത്തി വാതില്‍ തുറന്നു. കറുത്ത പുക വ്യാപിച്ച് കൂരിരുട്ടാണ്. വാതില്‍ തുറന്നതും പുക അകത്തേക്കും പരന്നു. എന്തോ കരിയുന്ന മണം അടിച്ചുകയറി. പുറത്തേക്ക് കടക്കാനായില്ല.

ഉടന്‍ വാതിലടച്ച് മൂന്ന് വയസ്സുള്ള മകളെയടക്കം ചേര്‍ത്തുപിടിച്ച് കെട്ടിടത്തിന്റെ ബാല്‍ക്കെണിയിലേക്ക് മാറിനിന്നു. താഴെയുള്ളവരോട് രക്ഷിക്കാന്‍ സഹായം തേടി. മരണം മുഖാമുഖം കണ്ട നിമിഷങ്ങള്‍.

എന്നാല്‍ അധികം വൈകാതെ വാതില്‍ തള്ളിത്തുറന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ അകത്തെത്തി. അയാളെ പിന്‍തുടരാന്‍ ആവശ്യപ്പെട്ടു. അങ്ങിനെ കുട്ടികളുമായി പുറത്തേക്കിറങ്ങി.

ഒടുവില്‍ അപകടമേതുമില്ലാതെ താഴെയെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. മറ്റ് കുടുംബങ്ങളെല്ലാം താഴെയെത്തിയിട്ടുണ്ടെന്ന് അപ്പോഴാണ് സാലിയും ഭാര്യയും തിരിച്ചറിയുന്നത്.

ദൈവദൂത് പോലെയുള്ള വിളിയായിരുന്നു അനീസിന്റേതെന്നും രണ്ടാമത്തെ ദൈവദൂതനായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥനെന്നും സാലി പറയുന്നു. സഅബീല്‍ ഓഫീസിലാണ് സാലി ജോലി ചെയ്യുന്നത്.

കടപ്പാട് : മനോരമ ഓണ്‍ലൈന്‍

LEAVE A REPLY

Please enter your comment!
Please enter your name here