നിസ്‌കാരം പൊതുസ്ഥലങ്ങളിലല്ല നടത്തേണ്ടതെന്ന് മുഖ്യമന്ത്രി

ചണ്ഡീഗഡ് :നിസ്‌കാരം പള്ളികളിലാണ് നടത്തേണ്ടതെന്നും പൊതുസ്ഥലങ്ങളിലല്ലെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ഏപ്രില്‍ 4 ാം തീയതി ഗുരുഗ്രാമില്‍ ഒരു കൂട്ടം യുവാക്കള്‍ സംഘം ചേര്‍ന്ന് മുസ്‌ലിം വിശ്വാസികളുടെ പ്രാര്‍ത്ഥന ചടങ്ങുകള്‍ തടസ്സപ്പെടുത്തിയ വിഷയത്തിലാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ ഈ ഞെട്ടിക്കുന്ന നിലപാട്. ചണ്ഡീഗഡില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു മനോഹര്‍ ഖട്ടാറിന്റെ ഈ പരാമര്‍ശം.

ക്രമസമാധാന പരിപാലനം സര്‍ക്കാരിന്റെ കര്‍ത്തവ്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കുറച്ച് കാലങ്ങളായി പൊതുസ്ഥലത്തുള്ള വെള്ളിയാഴ്ച നിസ്‌കാരങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്നും അഭിപ്രായപ്പെട്ടു. ഇത്തരം പ്രാര്‍ത്ഥന ചടങ്ങുകള്‍ പള്ളിയിലും ഈദ്ഗാഹുകളിലും നടത്തുവാന്‍ ശ്രമിക്കണം. കൂടുതല്‍ വിശ്വാസികള്‍ ഉണ്ടെങ്കില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ ഉപയോഗിക്കണം. അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ പ്രത്യേകം നിരീക്ഷിച്ച് വരികയാണെന്നും ഹരിയാന മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ടാഴ്ചകളിലായി ഗുരുഗ്രാമിലെ ആറോളം പൊതു സ്ഥലങ്ങളില്‍ നടന്ന നിസ്‌കാര ചടങ്ങുകള്‍ ഏതാനും വലതു പക്ഷ ഗ്രൂപ്പുകള്‍ അലങ്കോലപ്പെടുത്തിയിരുന്നു.

വസീരാബാദ്, അതുല്‍ കട്ടാരിയ ചൗക്ക്, സൈബര്‍ പാര്‍ക്ക്, ഭക്താവര്‍ ചൗക്ക്, സൗത്ത് സിറ്റി എന്നിവിടങ്ങളിലാണ് വലതു പക്ഷ ഗ്രൂപ്പുകള്‍ അതിക്രമിച്ച് കയറി തടസ്സം സൃഷ്ടിച്ചത്. പൊലീസിന്റെ ഭാഗത്തും നിന്നും പ്രതികള്‍ക്കെതിരെ കാര്യമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പ്രതികള്‍ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍, ഹിന്ദു ക്രാന്തി ദള്‍ എന്നിവരുടെ പ്രവര്‍ത്തകരാണെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here