കൂട്ടിയിടി ഒഴിവാക്കിയത് ഇങ്ങനെ

ന്യൂഡല്‍ഹി : വനിതാ പൈലറ്റിന്റെ സമയോചിത ഇടപെലില്‍ ഒഴിവായത് വന്‍ വിമാന ദുരന്തം. എയര്‍ ഇന്ത്യയുടെയും എയര്‍ വിസ്താരയുടെയും വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നതാണ് അപകടത്തിന് ഇടയാക്കുമായിരുന്നത്. വിമാനങ്ങളില്‍ 261 യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍ എയര്‍ ഇന്ത്യ പൈലറ്റ് അനുപമ കോഹ്‌ലി വിമാനം ഉയര്‍ത്തിപ്പറപ്പിച്ച് അപകടം ഒഴിവാക്കി.

എയര്‍ ഇന്ത്യയുടെ മുംബൈ ഭോപ്പാല്‍ എഎല്‍ 31 വിമാനവും വിസ്താരയുടെ ഡല്‍ഹി-പൂണെ-യുകെ 997 വിമാനവുമാണ് വ്യോമപാതയില്‍ നേര്‍ക്കുനേര്‍ വന്നത്. 29000 അടി ഉയരത്തില്‍ പറക്കാനാണ് എയര്‍ വിസ്താരയ്ക്ക് നിര്‍ദേശം ലഭിച്ചത്. എന്നാല്‍ ഈ വിമാനം 27,000 അടി ഉയരത്തിലായിരുന്നു.

ഇരുവിമാനവും നേര്‍ക്കുനേര്‍ വന്നതോടെ ട്രാഫിക് കൊളീഷന്‍ അവോയിഡന്‍സ് സിസ്റ്റത്തില്‍ അലാം മുഴങ്ങി. പൊടുന്നനെ വിമാനങ്ങളുടെ കോക്പിറ്റുകളിലും സിഗ്നല്‍ ലഭിച്ചു. എന്നാല്‍ ഈ സമയം എയര്‍ വിസ്താരയുടെ പൈലറ്റ് സഹപൈലറ്റായ വനിതയെ ചുമതല ഏല്‍പ്പിച്ച് ശുചിമുറിയില്‍ പോയിരിക്കുകയായിരുന്നു.

അപായ മുന്നറിയിപ്പ് ലഭിച്ചതോടെ സഹ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി ബന്ധപ്പെട്ടു. 26000 അടി ഉയരത്തിലാണ് എയര്‍ ഇന്ത്യ വിമാനമെത്തിയത്. എയര്‍ വിസ്താരയുടെ സഹപൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ആശയവിനിമയം നടത്തുന്നത് എയര്‍ ഇന്ത്യ പൈലറ്റ് അനുപമ കോഹ്‌ലി കേട്ടു.

എന്തിനാണ് 27000 അടിയിലേക്ക് ഇറങ്ങിയതെന്ന് എയര്‍ വിസ്താരയോട് എടിസി ആരായുന്നുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയായിരുന്നു നിര്‍ദേശമെന്നായിരുന്നു പൈലറ്റിന്റെ പ്രതികരണം. ആശയക്കുഴപ്പമുണ്ടെന്ന് വ്യക്തമായ ഉടന്‍ അനുപമ എയര്‍ ഇന്ത്യ വിമാനം ഉയര്‍ത്തിപ്പറപ്പിച്ചു.

അതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. അനുപമയുടെ സമയോചിത ഇടപെടലിനെ കമ്പനി അഭിനന്ദിച്ചു. 20 വര്‍ഷമായി അനുപമ എയര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ച് വരികയാണ്. അതേസമയം തങ്ങളുടെ പൈലറ്റുമാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാടിലാണ് എയര്‍ വിസ്താര.

LEAVE A REPLY

Please enter your comment!
Please enter your name here