വിമാനാപകടം ;അവസാന ശബ്ദ രേഖകള്‍ പുറത്ത്

കാഠ്മണ്ഡു :ലാന്‍ഡിംഗിലുണ്ടായ പിഴവ് മൂലം വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറിയുണ്ടായ അപകടത്തില്‍ 49 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പരസ്പരം പഴിചാരി വിമാനത്താവള അധികൃതരും എയര്‍ ലൈന്‍സും.

ധാക്കയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന ബംഗ്ലാദേശി വിമാനമായ യുഎസ്-ബംഗ്ലാ BS211 ാണ് തിങ്കളാഴ്ച്ച അപകടത്തില്‍പ്പെട്ടത്. നേപ്പാളിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം അടുത്തുള്ള മൈതാനത്തിലേക്ക് നിരങ്ങി നീങ്ങുകയായിരുന്നു. വിമാനത്തിന്റെ പൈലറ്റും വിമാനത്താവള അധികൃതരും തമ്മില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടു മുമ്പ് നടന്ന ആശയ വിനിമയത്തിന്റെ ഓഡിയോ റെക്കോര്‍ഡുകളാണ് സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.

വിമാനത്താവള അധികൃതരില്‍ നിന്നും റണ്‍വേയുടെ വടക്ക് ഭാഗം വഴി ലാന്‍ഡ് ചെയ്യാനുള്ള അനുമതി ലഭിച്ച പൈലറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ തെക്ക് വശത്ത് നിന്നും ലാന്‍ഡ് ചെയ്യാനുള്ള അനുവാദം ചോദിച്ചു. ഉടന്‍ തന്നെ വിമാനത്താവള അധികൃതര്‍ ഇതിനുള്ള അനുമതിയും നല്‍കി.

ക്രമരഹിതമായ അശയ വിനിമയമാണ് ഇരുവര്‍ക്കും ഇടയില്‍ നടന്നതെന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ട് മുമ്പായി പൈലറ്റ് എയര്‍പോര്‍ട്ട് അധികൃതരോട് ലാന്‍ഡ് ചെയ്യാന്‍ റണ്‍വേ തയ്യാറാണോ എന്ന് ചോദിച്ചിരുന്നു. നിമിഷങ്ങള്‍ക്ക് ശേഷമാണ് അധികൃതരുടെ മറുപടി ഉണ്ടാവുന്നത്. ‘ഞാന്‍ വീണ്ടും പറയുന്നു ടേണ്‍ ചെയ്യാന്‍’ എന്നായിരുന്നു ഇവിടെ നിന്നും വന്ന സന്ദേശം.

നിമിഷങ്ങള്‍ക്കുള്ളില്‍ റണ്‍വേയില്‍ ഫയര്‍ ട്രക്കുകള്‍ കൊണ്ട് വരാനും ടവറില്‍ നിന്നും നിര്‍ദ്ദേശം ഉണ്ടായിരുന്നു. ശബ്ദരേഖകള്‍ പുറത്ത് വന്നതോടെ വിമാനത്താവള അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. ടവറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൈലറ്റ് സ്വീകരിച്ചിരുന്നില്ല എന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിശദീകരണം.

തെറ്റായ ദിശയില്‍ കൂടിയാണ് വിമാനം റണ്‍വേയിലേക്ക് വന്നത്. വിമാനം റണ്‍വേയില്‍ നിന്നും പുറത്തേക്ക് കടക്കുന്ന തരത്തിലായിരുന്ന ലാന്‍ഡിംഗിനോട് അടുത്തത്. കാര്യങ്ങള്‍ ശരിയായ വിധത്തിലാണോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു പൈലറ്റ് നല്‍കിയ മറുപടിയെന്ന് വിമാനത്താവള അധികൃതര്‍ പറയുന്നു.

എന്നാല്‍ തങ്ങളുടെ ഏറ്റവും സീനിയറായ പൈലറ്റാണ് വിമാനം പറപ്പിച്ചതെന്നും വിമാനത്താവള അധികൃതര്‍ നല്‍കിയ സന്ദേശങ്ങളുടെ പിഴവാണ് അപകടത്തിന് പിന്നിലെ കാരണമെന്നുമാണ് എയര്‍ലൈന്‍ അധികൃതര്‍ നല്‍കിയ വിശദീകരണം.

അപകടം നടക്കുമ്പോള്‍ വിമാനത്തില്‍ പൈലറ്റടക്കം 71 പേരാണുണ്ടായിരുന്നത്. 49 പേര്‍ കൊല്ലപ്പെട്ടു. പൈലറ്റടക്കമുള്ള ബാക്കി 22 പേര്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here