‘കോണ്ടം ചീറ്റല്‍’ മരണക്കളി വൈറലാകുന്നു

ലണ്ടന്‍ : സമൂഹമാധ്യമങ്ങളില്‍ തരംഗമായി അപകടകരമായ കോണ്ടം സ്‌നോര്‍ട്ടിംഗ് ചലഞ്ച് ( കോണ്ടം ചീറ്റല്‍ ചലഞ്ച്). കോണ്ടം മൂക്കിന്റെ ഒരു ദ്വാരത്തിലൂടെ വലിച്ചുകയറ്റി വായിലൂടെ പുറത്തെടുക്കുന്നതാണ് ചലഞ്ച്. യൂറോപ്യന്‍ രാജ്യങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ് ഈ കളി.

പെണ്‍കുട്ടികളടക്കം ചലഞ്ചില്‍ പങ്കാളികളാകുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ലാറ്റക്‌സ് കോണ്ടം മൂക്കിനുള്ളിലൂടെ കടത്താന്‍ സാധിക്കാതിരിക്കുകയോ, വായിലൂടെ വലിച്ചെടുക്കാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍ നിങ്ങള്‍ പരാജയപ്പെടുമെന്നതാണ് കളി നിയമം.

കോണ്ടം പാക്ക് പൊളിക്കുന്നതുമുതല്‍ വായിലൂടെ വലിച്ചെടുക്കുന്നതുവരെ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കണം. എന്നാല്‍ അത്യന്തം അപകടകരമാണ് ഈ കളിയെന്ന് അധികൃതരും ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു.

കോണ്ടം മൂക്കിനുള്ളില്‍ കുടുങ്ങിയാല്‍ ശ്വാസം മുട്ടി മരണം വരെ സംഭവിക്കാം. കോണ്ടത്തിലെ രാസവസ്തു അലര്‍ജിക്കും അണുബാധയ്ക്കും ഇടയാക്കാമെന്നും താക്കീതുണ്ട്. സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ പിന്‍ഗാമികളെ സൃഷ്ടിക്കാനും ലൈക്കും ഷെയറുകളും ഉണ്ടാക്കാനുമുള്ള എളുപ്പവഴിയായും ചിലര്‍ ഈ മരണക്കളിയെ കാണുന്നു.

ഇതാദ്യമായല്ല ഇത്തരമൊരു അഭ്യാസപ്രകടനം അവതരിപ്പിക്കപ്പെടുന്നത്. 2007 മുതല്‍ ഇത് ഏറിയും കുറഞ്ഞും പ്രചാരത്തിലുണ്ട്. 2013 ല്‍ ഒരു യുവതി മൂക്കിലൂടെ കോണ്ടം വലിച്ചുകേറ്റി വായിലൂടെ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

സര്‍ക്കസ് അഭ്യാസങ്ങളുടെ അനുകരണമായാണ് ഇത് യുവാക്കളിലേക്കെത്തിയതെന്നാണ് നിഗമനം .90 കളില്‍ സര്‍ക്കസ് അഭ്യാസങ്ങള്‍ക്കൊപ്പം ഇത് അവതരിപ്പിക്കപ്പെട്ടിരുന്നതായി സ്ഥിരീകരണമുണ്ട്. 1993 ല്‍ ജിം റോസ് എന്നയാള്‍ സര്‍ക്കസ് അഭ്യാസത്തിന്റെ ഭാഗമായി കോണ്ടം ചീറ്റല്‍ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here