ചോക്ക്‌ളേറ്റ് ബ്രൗണ്‍ നിറത്തിലുള്ള പുതിയ പത്ത് രൂപ ; പുതിയ നോട്ടിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഡല്‍ഹി :പുതിയ പത്ത് രൂപ നോട്ടിന്റെ ചിത്രങ്ങള്‍ അര്‍ബിഐ പുറത്ത് വിട്ടു. പഴയ പത്ത് രൂപയില്‍ നിന്നും വ്യത്യസ്ഥമായി ചോക്ക്‌ളേറ്റ് ബ്രൗണ്‍ നിറത്തിലാണ് പുതിയ നോട്ട് പുറത്തിറക്കുന്നത്. ആര്‍ബിഐ ചെയര്‍മാന്‍ ഊര്‍ജ്ജിത് പട്ടേലിന്റെ കയ്യൊപ്പ് പതിച്ചതിന് ശേഷം നോട്ടുകള്‍ പ്രാബല്യത്തില്‍ വരും.പഴയ നോട്ടിന് സമാനമായി നീളം 63 മില്ലിമീറ്റര്‍ തന്നെയാണെങ്കിലും വീതി ചെറുതാക്കിയിട്ടുണ്ട്. ഇപ്പോള്‍ നിലവിലുള്ള നോട്ടുകള്‍ക്ക് 137 മില്ലിമീറ്ററാണ് വീതി. പുതിയ നോട്ടുകള്‍ക്ക് 123 മില്ലിമീറ്റര്‍ ആവും വീതി. കോണാര്‍ക്കിലെ സൂര്യക്ഷേത്രത്തിലുള്ള കല്ലില്‍ കൊത്തിയ ചക്രങ്ങളുടെ ചിത്രമാണ് പുതിയ നോട്ടിന്റെ പുറം ഭാഗത്ത് ആലേഖനം ചെയ്തിരിക്കുന്നത്. മുന്‍ഭാഗത്ത് മധ്യത്തായി മഹാത്മഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.ഇതിന് അരികിലായി ദേവനാഗിരി ലിപിയില്‍ പത്ത് രൂപ എന്ന് എഴുതിയിട്ടുണ്ട്. പുതുതായി പുറത്തിറങ്ങിയ എല്ലാ നോട്ടുകളിലും ഉള്ളത് പോലെ ഇടത് വശത്താണ് പ്രിന്റ് ചെയ്ത വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് അരികിലായി ‘സ്വഛ് ഭാരത് അഭിയാന്റെ’ ചിഹ്നവും മുദ്രണം ചെയ്തിട്ടുണ്ട്. ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ ഇവ ബാങ്കുകളില്‍ വിതരണത്തിനായി എത്തിക്കും. പഴയ നോട്ടുകളുടെ നിയമ സാധുത നിലനിര്‍ത്തി കൊണ്ട് തന്നെയായിരിക്കും പുതിയവ പുറത്തിറക്കുക. 

LEAVE A REPLY

Please enter your comment!
Please enter your name here