പൂവാലന്‍മാര്‍ക്ക് കൊടുത്തത് എട്ടിന്റെ പണി

ലഖ്‌നൗ :തന്നെ നടുറോഡില്‍ ശല്ല്യം ചെയ്യാന്‍ ശ്രമിച്ച പൂവാലന്‍മാരെ ടിവി അവതാരക കുടുക്കിയത് ഫെയ്‌സ്ബുക്കിലൂടെ. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിനിയായ മാധ്യമ പ്രവര്‍ത്തക ദാമിനി മഹൗറാണ് ഫെയ്‌സ്ബുക്കിലൂടെ തന്നെ ശല്ല്യപ്പെടുത്തിയവരുടെ ചിത്രം പുറത്ത് വിട്ട് പൂവാലന്‍മാരെ ഇരുമ്പഴിക്കുള്ളിലാക്കിയത്.

ജനുവരി 25 ാം തീയ്യതിയാണ് ജോലി കഴിഞ്ഞ് രാത്രി സ്വന്തം വാഹനത്തില്‍ വീട്ടിലേക്ക് പോകുന്ന വഴി യുവതിയെ, മദ്യപിച്ചെത്തിയ രണ്ട് പുരുഷന്‍മാര്‍ പിന്തുടരുകയും ശല്ല്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത്. അശ്ലീല ചുവയുള്ള വാക്കുകളും ഇവര്‍ ദാമിനിക്ക് നേരെ പ്രയോഗിച്ചിരുന്നു.ഇതിനിടയില്‍ അവതാരക ബൈക്കിന് പുറകില്‍ ഇരിക്കുന്ന വ്യക്തിയുടെ ചിത്രം തന്റെ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഉടന്‍ തന്നെ യുവതി വനിതാ ഹെല്‍പ്പ് ലൈനില്‍ വിളിച്ച് പരാതിയറിയിച്ചെങ്കിലും കാര്യമായ പ്രതികരണമൊന്നുമുണ്ടായില്ല.

മൂന്ന് ദിവസമായിട്ടും പ്രതികളെ പിടിക്കാത്തതിനെ തുടര്‍ന്ന് ദാമിനി ഈ യുവാവിന്റെ ഫോട്ടോയടക്കം ചേര്‍ത്ത് ഫെയ്‌സ്ബുക്കില്‍ പൊലീസിനെതിരെ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു. ഭരണ സംവിധാനങ്ങള്‍ക്കെതിരെ യുവതി പോസ്റ്റില്‍ വളരെ രൂക്ഷമായി പൊട്ടിത്തെറിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും വനിതാ ഹെല്‍പ്പ് ലൈന്‍ ഉദ്യോഗസ്ഥര്‍ അവതാരകയോട് മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പ്രതികളെ പിടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here