ഖത്തര്‍ പൗരനെ തടവിലാക്കി സൗദി

ദോഹ : ഖത്തര്‍ പൗരനെ സൗദി തടവിലാക്കിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകാന്‍ ഇടയാക്കുന്നു. 63 കാരനായ മൊഹ്‌സെന്‍ സാലെഹ് സാദൂന്‍ അല്‍ കര്‍ബിയുടെ അറസ്റ്റാണ് പോര് മൂര്‍ഛിക്കാന്‍ വഴിവെച്ചിരിക്കുന്നത്.

തങ്ങളുടെ പൗരനെ സൗദി ഉടന്‍ മോചിപ്പിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 21 നാണ് ഇയാളെ സൗദി സഖ്യസേന പിടികൂടുന്നത്. യെമന്റെയും ഒമാന്റെയും അതിര്‍ത്തിയില്‍വെച്ചായിരുന്നു അറസ്റ്റ്.

ഇയാള്‍ ഖത്തര്‍ ചാരനാണെന്ന് ആരോപിച്ചായിരുന്നു സൗദിയുടെ നടപടി. ഇയാള്‍ ഖത്തര്‍ രഹസ്യാന്വേഷണവിഭാഗത്തിലെ മേജര്‍ ആണെന്ന് സൗദി ആരോപിക്കുന്നു. ഖത്തറിനും യെമനിലെ ഹൂതി വിമതര്‍ക്കും വേണ്ടി ഇയാള്‍ ചാരവൃത്തി നടത്തുന്നുവെന്നാണ് ആക്ഷേപം.

എന്നാല്‍ യെമനിലെ കുടുംബത്തെ സന്ദര്‍ശിക്കാനായി പോവുകയായിരുന്നു അല്‍ കര്‍ബിയെന്നാണ് ഖത്തര്‍ വാദം. ഇയാളെ ഉടന്‍ മോചിപ്പിക്കണമെന്ന് ഖത്തര്‍ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

അല്‍ കര്‍ബിയുടെ മോചനത്തിന് അന്താരാഷ്ട്ര ശ്രദ്ധയും ഇടപെടലും ആവശ്യമാണെന്ന് എന്‍എച്ച്ആര്‍സി വ്യക്തമാക്കി. എന്നാല്‍ അല്‍ കര്‍ബിക്ക് യെമനില്‍ വ്യവസായങ്ങളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി പോവുകയായിരുന്നുവെന്നും മകന്‍ പ്രതികരിച്ചു.

പിടിയിലായ ശേഷം പിതാവ് ഫോണ്‍ ചെയ്തിരുന്നതായും സൗദി സുരക്ഷാസേന അദ്ദേഹത്തെ റിയാദിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്നും മകന്‍ പറഞ്ഞു. ഖത്തറുമായുള്ള ഉഭയകക്ഷി-വ്യാപാര-നയതന്ത്ര ബന്ധങ്ങള്‍ അറുത്തുമാറ്റി സൗദി ഉപരോധം തുടരുകയാണ്.

സൗദിയെ കൂടാതെ ഈജിപ്റ്റ്, യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളും ഖത്തറിനോടുള്ള ബന്ധങ്ങള്‍ വിഛേദിച്ചിരുന്നു. ഇത്തരത്തില്‍ മേഖലയില്‍ തര്‍ക്കം രൂക്ഷമായി നില്‍ക്കെയാണ് ഖത്തര്‍ പൗരനെ സൗദി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പോരിന് പുതിയ മാനം കൈവന്നിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here