യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി

സന: യമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മലയാളി യുവതി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയ മോചനത്തിന് സര്‍ക്കാര്‍ സഹായം തേടി കത്തയച്ചു. യമന്‍കാരനായ ഭര്‍ത്താവിനെ കൊന്നകേസിലെ പ്രതിയാണ് നിമിഷ.

ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ചെയ്തു പോയതാണെന്ന് നിമിഷ ജയിലില്‍ നിന്നെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. ഭര്‍ത്താവ് തലാല്‍ അബ്ദുമഹ്ദിയുമൊന്നിച്ച് ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. തന്നെ ശാരീരികമായി ആക്രമിച്ചതായും പണവും ആഭരണങ്ങളും തട്ടിയെടുത്തുവെന്നും പിന്നീട് തടവിലാക്കിയെന്നും നിമിഷ പറയുന്നു.

ലൈംഗിക വൈകൃതങ്ങള്‍ക്ക് പ്രേരിപ്പിച്ചെന്നും ജയിലില്‍ നിന്നുള്ള നിമിഷയുടെ കത്തില്‍ വ്യക്തമാക്കുന്നു. യെമനില്‍ എത്തുന്നത് മുതല്‍ ജയിലിലായതുവരെയുള്ള കാര്യങ്ങള്‍ കത്തിലുണ്ട്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ലാണ് തലാലിന്റെ സഹായം തേടുന്നത്. താന്‍ ഭാര്യയാണെന്ന് തലാല്‍ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷ ആരോപിക്കുന്നു.

ക്ലിനിക്ക് തുടങ്ങാന്‍ സഹായിച്ചെങ്കിലും വരുമാനം മുഴുവന്‍ സ്വന്തമാക്കി. തന്റെ സ്വര്‍ണാഭരണങ്ങള്‍ പോലും തട്ടിയെടുത്ത് വിറ്റുവെന്ന് കത്തില്‍ പറയുന്നു. തലാലിനെ കൊലപ്പെടുത്തി മൃതദേഹം 110 കഷണങ്ങളാക്കി വെട്ടി നുറുക്കി ചാക്കില്‍പൊതിഞ്ഞ് വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു നിമിഷ. യമനിലെ മാരിബ് ജയിലില്‍ നിന്ന് വധശിക്ഷയ്ക്ക് വിധേയരാക്കുന്നവര്‍ക്കായുള്ള അല്‍ബെയ്ദ ജയിലിലേക്ക് നിമിഷയെ മാറ്റിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here