വ്യാജ പ്രചരണങ്ങളില്‍ കോടികളുടെ നഷ്ടം

കൊച്ചി : നിപാ വൈറസ് പകരുമെന്ന വ്യാജ പ്രചരണത്തെ തുടര്‍ന്ന് കോഴി കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കുമായി മൂന്ന് ആഴ്ചക്കിടെ നഷ്ടമായത് 70 കോടി രൂപയോളം. വില്‍പ്പനയില്‍ 40 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കോഴിവില്‍പ്പനയില്‍ ആകെ 70 ലക്ഷം കിലോയുടെ കുറവുണ്ടെന്നാണ് കണക്കാക്കുന്നത്.

പഴം-പച്ചക്കറി വ്യാപാരികള്‍ക്ക് നൂറുകോടിയിലേറെ നഷ്ടമായെന്നുമാണ് റിപ്പോര്‍ട്ട്. റംസാന്‍ കാലയളവില്‍ സാധാരണഗതിയില്‍ കോഴിയിറച്ചിക്കും പഴവര്‍ഗങ്ങള്‍ക്കും വന്‍തോതില്‍ ആവശ്യക്കാരുണ്ടാകുന്നതാണ്. ഇത് മുന്‍കൂട്ടി കണ്ട് കര്‍ഷകരും വ്യാപാരികളും ഇവ സ്റ്റോക്ക് ചെയ്തതുമാണ്.

എന്നാല്‍ കോഴിയിലൂടെ നിപാ ബാധയുണ്ടാകുമെന്ന വ്യാജപ്രചരണത്തെ തുടര്‍ന്ന് ആളുകള്‍ വില്‍പ്പനകേന്ദ്രങ്ങളിലേക്കെത്താതായി. വവ്വാല്‍ കഴിച്ച പഴങ്ങളിലൂടെ വൈറസ് പകരുമെന്ന പ്രചരണമുണ്ടായതോടെ ആളുകള്‍ മുഴുവന്‍ പഴവര്‍ഗങ്ങളോടും അകലംപാലിക്കാനും തുടങ്ങി.

ഇതോടെ പഴങ്ങള്‍ കേടുകവരികയും ചെയ്തു. ഫ്രൂട്ട്‌സ് ഇനങ്ങളുടെ വില്‍പ്പനയില്‍ 50 ശതമാനം വരെ ഇടിവുണ്ടായെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി കയറ്റുമതി 70 ശതമാനവും കുറഞ്ഞു. ഇതും കോടികളുടെ വരുമാന ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here