സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ല

കോഴിക്കോട് : നിപാ ബാധയെ തുടര്‍ന്ന് ആദ്യം മരിച്ച മുഹമ്മദ് സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് പാസ്‌പോര്‍ട്ട് രേഖകള്‍. പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി സാബിത്ത് യുഎഇയിലേക്ക് മാത്രമാണ് യാത്ര ചെയ്തതെന്ന് പാസ്‌പോര്‍ട്ട് പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി.

സാബിത്തിന്റെ സഹോദരന്‍ സാലിഹും മലേഷ്യയില്‍ പോയിട്ടില്ലെന്ന് പാസ്‌പോര്‍ട്ടില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. സാബിത്തിനെ കൂടാതെ സഹോദരന്‍ സാലിഹും പിതാവ് മൂസയും അദ്ദേഹത്തിന്റെ സഹോദരിയും നിപാ ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു.

സാബിത്ത് മലേഷ്യ സന്ദര്‍ശിച്ചിരുന്നുവെന്നും ഇതിന് പിന്നാലെയാണ് വൈറസ് ബാധയെന്നും പ്രചരണങ്ങളുണ്ടായിരുന്നു. ഇവരുടെ കിണറ്റില്‍ നിന്ന് പിടികൂടിയ വവ്വാലിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചെങ്കിലും നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.

ഇവര്‍ വീട്ടിലെ കിണര്‍ വൃത്തിയാക്കിയതിന് പിന്നാലെയാണ് വൈറസ് ബാധയുണ്ടായതെന്നായിരുന്നു നിഗമനം. ഇതേ തുടര്‍ന്നാണ് സാബിത്തും, സാലിഹും അടക്കമുള്ളവര്‍ വിദേശയാത്രകള്‍ നടത്തിയോ എന്ന കാര്യം പരിശോധിച്ചത്.

റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇക്കാര്യം അന്വേഷിക്കുന്നത്. നഴ്‌സ് ലിനി വിദേശത്ത് പോയിരുന്നോയെന്ന കാര്യവും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. അന്ന് കിണര്‍ വൃത്തിയാക്കുന്നതില്‍ ഏര്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടെത്താനും ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here