മൂസയുടെ മൃതദേഹം ദഹിപ്പിച്ചേക്കും?

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് മരിച്ച ചങ്ങരോത്ത് സ്വദേശി മൂസയുടെ മൃതദേഹം ദഹിപ്പിക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. അതേസമയം മറവ് ചെയ്യണം എന്നാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആഴത്തില്‍ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യാമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജയശ്രീ അറിയിച്ചു.

വൈദ്യുത ശ്മശാനത്തില്‍ വച്ച് ദഹിപ്പിക്കുക എന്നതാണ് ഏറ്റവും മികച്ച മാര്‍ഗ്ഗം. കാരണം വളരെ ശ്രദ്ധയെടുത്ത് വേണം രോഗബാധ സ്ഥിരീകരിച്ചവരുടെ മൃതദേഹം മറവ് ചെയ്യാന്‍. ഇക്കാര്യത്തില്‍ മൂസയുടെ ബന്ധുകളുമായി ചര്‍ച്ചകള്‍ തുടരുകയാണ്. മതപരമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ മൂസയുടെ കുടുംബത്തിന് അത് ബുദ്ധിമുട്ടാണെങ്കില്‍ നല്ല ആഴത്തില്‍ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുമെന്ന് ജയശ്രീ വ്യക്തമാക്കി.

നിപ്പാ ബാധിച്ച് ആദ്യം മരിച്ച സഹോദരങ്ങളായ സാബിത്തിന്റേയും സാലിഹിന്റേയും പിതാവാണ് മൂസ. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇതോടെ സംസ്ഥാനത്ത് നിപ്പാ ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. ആദ്യ ഘട്ടത്തില്‍ രോഗം പിടിപ്പെട്ടവരില്‍ ഒരാളാണ് മൂസ. ഇതിനിടെ നിപ്പാ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു.

കോഴിക്കോട് മാവൂര്‍ വൈദ്യുതി ശ്മശാനത്തിലെ രണ്ട് ജീവനക്കാര്‍ക്കെതിരെയാണ് കേസ്. ജീവനക്കാരായ ബാബു, ഷാജി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നിപ്പാ വൈറസ് ബാധയേറ്റ് മരിച്ച അശോകന്റെ മൃതദേഹം ദഹിപ്പിക്കാന്‍ വിസ്സമ്മതിച്ച സംഭവത്തില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചു, സര്‍ക്കാര്‍ ചട്ടങ്ങള്‍ ബോധപൂര്‍വ്വം മാറ്റിമറിച്ചു, എന്നീ കുറ്റങ്ങളാരോപിച്ച് നടക്കാവ് പോലീസാണ് കേസെടുത്തത്. മാവൂര്‍ റോഡിലെ വൈദ്യുതശ്മശാനം ഭാഗികമായി പണിമുടക്കിയതും പരമ്പരാഗത ചൂള തൊഴിലാളികള്‍ വിസമ്മതിച്ചതും മൂലം അശോകന്റെ മൃതദേഹം പിന്നീട് ഐവര്‍മഠത്തിന്റെ ശാഖയെ സമീപിച്ചാണ് സംസ്‌കരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here