നിപ്പാ വൈറസ് ബാധിച്ചവരെ പരിചരിച്ചിരുന്ന നഴ്‌സും മരിച്ചു

Lini

കോഴിക്കോട്: നിപ്പാവൈറസ് പടര്‍ന്നുപിടിക്കുന്ന കോഴിക്കോട് പനി ബാധിച്ച് ഒരാള്‍കൂടി മരിച്ചു. പനി ബാധിച്ച് മരിച്ച സാബിത്തിനെ പരിചരിച്ച നഴ്‌സ് ലിനിയാണ് മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശി ലിനി. ഇതോടെ കോഴിക്കോട്ടും മലപ്പുറത്തുമായി മരിച്ചവരുടെ എണ്ണം പത്തായി.

ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിച്ചശേഷം രാത്രി തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. ഞായറാഴ്ച ലിനിയുടെ മാതാവിനെയും പനിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് പേരാമ്പ്രയില്‍ ഇന്ന് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. ചെങ്ങരോത്ത് മേഖലയിലായിരിക്കും പ്രധാനമായും സന്ദര്‍ശനം. നാദാപുരം ചെക്കിയാട്, കോഴിക്കോട് നഗരത്തിനടുത്തുള്ള പാലാഴി എന്നിവിടങ്ങളിലും സമാനമായ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചെങ്ങരോത്ത് വളച്ചുകെട്ടി വീട്ടില്‍ മുഹമ്മദ് സാലിഹ്, സഹോദരന്‍ മുഹമ്മദ് സാബിത്ത്, ബന്ധു മറിയം എന്നിവരുടെ മരണം നിപ്പാ വൈറസ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. മുഹമ്മദ് സാലിഹിന്റേയും സാബിത്തിന്റേയും അച്ഛന്‍ മൂസയ്ക്കും ഇതേ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി കഴിയുന്ന ആറ് പേരുടെ നില ഗുരുതരമാണ്. 25 പേര്‍ നിരീക്ഷണത്തിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here