11,346 കോടിയുടെ തട്ടിപ്പ് ഇങ്ങനെ

മുംബൈ : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വജ്ര വ്യവസായി നീരവ് മോദി വിദേശത്തേക്ക് കടന്നതായി സൂചന. ഡല്‍ഹിയും മുംബൈയുമടക്കം 13 കേന്ദ്രങ്ങളില്‍ നീരവിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ബയേഴ്‌സ് ക്രെഡിറ്റ് രേഖകള്‍ ഉപയോഗിച്ചാണ് നീരവ് മോദി വിദേശത്ത് തട്ടിപ്പ് നടത്തിയത്. അതായത് വന്‍കിട ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിന് സൗകര്യമൊരുക്കുന്ന സംവിധാനമാണ് ബയേഴ്‌സ് ക്രെഡിറ്റ് അഥവാ ലെറ്റര്‍ ഓഫ് കംഫര്‍ട്ട്.

ഈ രേഖകള്‍ ഉപയോഗിച്ചാണ് നീരവ് മോദി വിദേശത്ത് തട്ടിപ്പ് നടത്തിയത്. പിഎന്‍ബിയുടെ ജാമ്യം ഉപയോഗിച്ച് വിദേശത്തെ ബാങ്കുകളില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുകയായിരുന്നു. ഈ പണം തിരിച്ചടയ്ക്കാത്തത് മൂലം കടബാധ്യത പിഎന്‍ബിയുടെ മേല്‍ വന്നു.

നീരവ് മോദി, ഭാര്യ ആമി, സഹോദരന്‍ നിഷാല്‍, അമ്മാവന്‍ മെഹുല്‍ ചിന്നുഭായ് ചോക്‌സി എന്നിവര്‍ പിഎന്‍ബിയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയെന്ന കേസ് ഈ മാസം 5 ന് സിബിഐ ഏറ്റെടുത്തു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ തുടര്‍ അന്വേഷണത്തിലാണ് 11,346 കോടിയുടെ ക്രമക്കേടുകള്‍ പുറത്തുവന്നത്.

2011 മുതല്‍ ഇയാള്‍ ബാങ്കിനെ കബളിപ്പിക്കുന്നുണ്ട്. 47 കാരനാണ് നീരവ്. ഇന്ത്യയ്ക്ക് അകത്തും പുറത്തും വ്യവസായ സാമ്രാജ്യമുള്ള ആഭരണ വ്യാപാരിയും ഡിസൈനറുമാണ്. നീരവ് മോദി- ചെയ്ന്‍ ഓഫ് ഡയമണ്ട് ജ്വല്ലറിയുടെ സ്ഥാപകനും ക്രിയേറ്റീവ് ഡയറക്ടറുമാണ് ഇദ്ദേഹം.

പ്രിയങ്ക ചോപ്രയാണ് നീരവ് ജ്വല്ലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ബെല്‍ജിയത്തിലെ ആന്റ്‌വെര്‍പ് നഗരത്തിലായിരുന്നു ജനനം. ലോകത്തിന്റെ വജ്ര തലസ്ഥാനമായി അറിയപ്പെടുന്ന നഗരമാണ് ഇത്. ഇവിടെ വളര്‍ന്നതിനാല്‍ വജ്രാഭരണങ്ങള്‍ കുട്ടിക്കാലം മുതലേ നീരവിനെ സ്വാധീനിച്ചിരുന്നു.

പെന്‍സില്‍വാനിയ വാര്‍ട്ടന്‍ സ്‌കൂളിലെ വിദ്യാഭ്യാസം ഇടയ്ക്ക് വെച്ച് നിര്‍ത്തിയാണ് വജ്രവ്യാപാരത്തിലേക്ക് തിരിയുന്നത്. മുംബൈയില്‍ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം നീരവ് തുടങ്ങിയിരുന്നു. 2014 ല്‍ ആദ്യത്തെ പ്രമുഖ സ്റ്റോര്‍ ഡല്‍ഹിയില്‍ ആരംഭിച്ചു.

ഇന്ന് മൂന്ന് ഭൂഖണ്ഡങ്ങളിലായി അദ്ദേഹത്തിന്റെ വ്യവസായം വ്യാപിച്ചുകിടക്കുന്നു. അതേസമയം സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ ലോക സാമ്പത്തിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നീരവ് മോദി നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.

ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. എന്നാല്‍ ദാവോസില്‍ നരേന്ദ്രമോദി നീരവ് മോദിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here